പരമാത്മാവായ ഭഗവാന് സൃഷ്ടി ചെയ്യാന് ആരംഭിച്ചപ്പോള് സ്വയം കൈക്കൊണ്ട ദിവ്യമായ സ്വരൂപമാണ് സാക്ഷാല് ശ്രീ കൃഷ്ണന്.പിന്നിട് ശ്രീ കൃഷ്ണന്റെ വമാഭാഗത്ത് നിന്നു ഉണ്ടായതാണ്സര്വലോക മാതാവായ ശ്രീ രാധാദേവി .അതിനു ശേഷം മറ്റെല്ലാ സൃഷ്ടിയുംരാധാ ദേവിയില് നിന്നും ഉണ്ടായി.(ദേവി ഭാഗവതം നവമസ്ക്കന്ധം).
രാധാകൃഷ്ണ നാമത്തില് തന്നെ ഈ സത്യം അടങ്ങിയിട്ടുണ്ട്.
കൃഷ്ണന് എന്ന നാമത്തിന്റെ കകാരം കമലാപതിയായ വിഷ്ണുവിനെ സൂചിപ്പിക്കുന്നു.ഷകാരം ഷള്ഗുണപതിയായ ശ്വേതാധിപന് ശ്രീ ഹരിയേയും ,നകാരം നരസിംഹ മൂര്ത്തിയേയും,അകാരം അക്ഷര ബ്രഹ്മം ,നരനാരായണന്മാര് ,വിസര്ഗ്ഗങ്ങള്,എന്നിവയേയും സൂചിപ്പിക്കുന്നു.എങ്ങിനെ പരിപൂര്ണ്ണതമങ്ങളായ ആറും ചേര്ന്നതാണ് ശ്രീ കൃഷ്ണ നാമം .
ശ്രീ രാധാ ദേവിയുടെ രകാരം രമയെയും(മഹാലക്ഷ്മി) ആകാരം ആദിഗോപിയും,ധകാരം ധരയുംഅകാരം വിരജദേവിയേയും പ്രതി നിധാനം ചെയ്യുന്നു.
ശ്രീകൃഷ്ണ ഭഗവാന്റെ ആത്മാവാണ് ശ്രീ രാധാ ദേവി.അതുകൊണ്ടുതന്നെ രാധയോടൊത്ത കൃഷ്ണനെ ഭജിക്കുന്നവര്ക്ക് ധര്മ്മാര്ത്ഥകാമ മോക്ഷങ്ങ ളകുന്ന ചതുഷ്പദത്തേക്കാള് ഉപരി നശ്വരവും നിത്യ ശ്വാശ്വതവുമായ ഗോലോകത്തില് രാധാകൃഷ്ണന്മാരോടൊപ്പം ജനന മരണങ്ങളില്ലാതെ വസിക്കാന് ഇടവരുന്നു. ഓരോരോ ജിവന്റെയും ശ്വാശ്വതമായ ലക്ഷ്യം ഇതുതന്നെയാണ്. കലികാലത്ത് നിഷ്കാമമായ നാമജപം ഒന്നുകൊണ്ടു തന്നെ വളരെ വേഗം ഈ ലക്ഷ്യ പ്രാപ്തി കൈ വരുന്നു.
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ .
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ !

കൃഷ്ണമുക്തകങ്ങൾ
ReplyDeleteഡി. കെ. എം. കർത്താ
കൃഷ്ണജാഗരം
നേരം ദിവ്യവിഭാതവേള, ഹരി തൻ നിദ്രാടനം നിർത്തിയാ
നീലക്കൺകൾ തുറന്നു, വീണ്ടുമലസം പൂട്ടീ, മയങ്ങീടുവാൻ;
ദേഹം തെല്ലു തിരിഞ്ഞു, കൈകളരികിൽ തപ്പുന്നു, സ്വപ്നാലസം,
വേണൂസ്പർശം, ഉടൻ സ്മിതോദയം ! ഇതാ ശ്രീകൃഷ്ണ സൂര്യോദയം !!!
കൃഷ്ണാശനം
മേൽപ്പത്തൂരരുളുന്ന ദിവ്യകവിതാക്ഷീരാന്നമല്ലോ ഭുജി-
ച്ചീടുന്നൂ മൃദുഹാസമോടെ ഭഗവാൻ ശ്രീലപ്രഭാതങ്ങളിൽ ;
പൂന്താനം മധുരം കലർത്തിയരുളും പാനപ്പയസ്സാഹരി ---
ച്ചാണാക്കണ്ണൻ ഉറങ്ങിടുന്നതു നിശാകാലത്തു നാൾതോറുമേ !!!
കൃഷ്ണകേളി
കേളിക്കൂത്തിലുലഞ്ഞഴിഞ്ഞു ചിതറും നീലച്ചുരുൾ കൂന്തലിൻ
സ്വാച്ഛന്ദ്യത്തെയടക്കി നീലമയിലിൻ പീലിക്കിരീടത്തിനാൽ
ചേലിൽപ്പിന്നെയുമമ്മ നീലയഴകിൻ സർവസ്സ്വമായ് മാറ്റവേ,
ആശ്ലേഷത്തെയഴിച്ചു ചാടിയകലും ലീലാവിലോലാ ! ജയ !!!
കൃഷ്ണതീർത്ഥാടനം
പൂജയ് ക്കായ് മഴ തോരവേ ഹരിയിതാ കേറുന്നു, ഗോപീഗണ --
ത്തോടൊപ്പം തുളസീവനം വിടരുമാ ഗോവർദ്ധനത്തിൽ സ്വയം;
നേരം സന്ധ്യ; ചെരാതുകൾ തെളിയവേ, പാടുന്നു തീർത്ഥാടകർ :---
"മേഘത്തിന്നകിടുമ്മവെച്ച കുളിരാം ശൈലക്കിടാവേ ജയ !
കൃഷ്ണപ്രിയം
താനേ തന്നെ കൊഴിഞ്ഞ പീലിയിളകും പീഡം; ദയാഭൂമിയിൽ ---
ത്താനേ വീണു നിറന്ന ഗുഞ്ജമണികൾ കോർത്തുള്ള മാലാവ്രജം;
താനേ തന്നെ ചുരന്ന പാലുനിറയെപ്പാനം; വസന്തത്തിലോ
താനേ വന്നു ചുഴന്ന ഗോപവനിതാസഖ്യം മുരാരീപ്രിയം !!!
കൃഷ്ണോത്സവം
നീലം, കൃഷ്ണ ! ചുരുണ്ട കൂന്തലി; ലരക്കെട്ടിൽ തുകിൽത്തുണ്ടിലോ,
പീതം; ചുണ്ടിലതീവ ശോണിമ; ചിരിത്തെല്ലിൽ നിലാവിൻ നിറം;
മാറിൽ ചേർന്നൊരു കുന്നിമാലയിലതിശ്യാമാരുണങ്ങൾ; ഭവ ---
ദ്ദേഹത്തിൽ നിറമൊക്കെയൊത്തു കൊടിയേറുന്നുണ്ടു വർണ്ണോത്സവം !!!
കൃഷ്ണദർശനം
കാതിൽ സ്നേഹ രഹസ്യമന്ത്രമരുളും രാധാമുഖം; ചുണ്ടിലോ
നാദത്തിൻ പ്രണവം നുകർന്നു മൃദുവായ് പാടുന്ന പുല്ലാംകുഴൽ;
പീലിക്കൺകൾ നിറഞ്ഞൊരാ മുടിയിലോ നീലോജ്ജ്വലൽസൌഭഗം;
മാറിൽപ്പൂവനമാല; കൃഷ്ണഭഗവൻ ! തന്നാലുമീ ദർശനം !!!
-------------------------------------------------------------------------------------------
പീഡം = ശിരോലങ്കാരം; ഗുഞ്ജാ = കുന്നിക്കുരു