Wednesday, 8 October 2014

എന്റെ കൃഷ്ണന് സമർപ്പണം



എന്‍റെ കൃഷ്ണാ
ഇന്ന് എനിക്ക് തന്നത് ശരിക്കും അത്ഭുതം തന്നെ ആയിരുന്നു. ഇന്നലെ രാത്രിയില്‍ എന്‍റെ ചെവിയില്‍ മന്ത്രിച്ചതല്ലേ ഇന്നു ഗുരുവയുര്‍ക്ക് കൊണ്ടുപോകാമെന്ന്. അത് കണ്ണന്‍റെ ഒരു വികൃതി ആയിട്ടെ കണക്കാക്കിയുള്ളൂ എങ്കിലും ഇതാ ആ സന്നിധിയില്‍ കൊണ്ട് നിര്‍ത്തി. എന്തൊരു ഭംഗിയായിരുന്നു എന്‍റെ കണ്ണന്. എന്നില്‍ നിറഞ്ഞത്‌ കണ്ണാ നിന്നോടുള്ള മധുര ഭാവമാണ്. ഞാന്‍ ഓര്‍ക്കുന്നു കണ്ണാ! കുഞ്ഞായിരുന്നപ്പോള്‍ എന്‍റെകളിക്കുട്ടുകരനായി മനസ്സില്‍ നിറഞ്ഞു. കൌമാരത്തില്‍ നന്ദകുമാരനായി ഓരോരോ കാടുകള്‍ കാട്ടിക്കൊണ്ട് എന്നില്‍ നിറഞ്ഞു. എന്നാല്‍ കണ്ണാ യൌവ്വനത്തില്‍ എന്‍റെ പ്രേമസര്‍വ്വസ്വമായി എന്നില്‍ നിറഞ്ഞു, പിന്നെ പതിയായി വന്നു. അമ്മയാകാന്‍ തുടങ്ങിയപ്പോള്‍ എന്തൊരു വിസ്മയം കണ്ണാ നീ ഉണ്ണിയായി വന്നു. ഇങ്ങിനെ പെട്ടെന്നൊരു അവരോഹണം കണ്ണാ നിനക്കു മാത്രമേ സാധിക്കുകയുള്ളൂ. പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടം ഇപ്പോഴാണ്. എല്ലാ ഭാവത്തിലും നീ എന്നിലേക്കൊഴുകി വരുന്നു. ചിലപ്പോള്‍ മകനായി,പതിയായി, സഖാവായി, പ്രേമസ്വരൂപനായി ,അച്ഛനായി അമ്മയായി,ഗുരുവായി ഓരോരോ വേഷത്തിലും എന്നില്‍ നിറയുന്നു. രോഗങ്ങളും ദുഃഖങ്ങളും വരുമ്പോഴാണ് കണ്ണാ എനിക്ക് നിന്നെ ഏറെ ഇഷ്ടം. അപ്പോഴാണ് നീ മധുര ഭാവത്തില്‍ വന്ന് സാരല്യന്നെ പോട്ടെ ഞാനില്ലേ എന്നും പറഞ്ഞ് നിന്നോട് ചേര്‍ത്ത്‌ പുല്‍കുന്നത്. അപ്പോഴൊക്കെ എനിക്ക് തോന്നിയീട്ടുണ്ട് . എന്‍റെ അടുത്തേക്ക്‌ ഓടിയെത്താനുള്ള നിന്‍റെ ഉപയമല്ലേ ഈ സന്താപങ്ങള്‍ എന്ന്. കണ്ണാ! എത്ര പറഞ്ഞാലും തീരുന്നതല്ല നിന്‍റെ കാരുണ്യവും പ്രേമവും.
ഇതും എന്‍റെ എല്ലാമെല്ലാമായ കണ്ണന് സമര്‍പ്പിക്കുന്നു.

1 comment:

  1. Excellent.
    എന്‍റെ കൃഷ്ണാ.
    തുളസീ ദളമായി വിരിഞ്ഞാലോ കണ്ണാ
    തിരുമാറില്‍ മാലയായീ അണിയില്ലേ.
    ചന്ദന മരമായീ പിറന്നലോ കണ്ണാ
    തിരുനെറ്റിയില്‍ കുറിയായീ ചാര്‍ത്തില്ലേ
    ഒരു കതിര്‍ ‍ നാളമായീ തെളിഞ്ഞാലോ കണ്ണാ
    തിരുമുന്നില്‍ നെയ്ത്തിരിയായി ആവാമല്ലോ
    ഒരു വേണു നാദമായീ ഒഴുകിയാലോ കണ്ണാ
    പൊന്നോടകുഴലില്‍ ഒളിക്കാമല്ലോ .
    കാളിന്ദിയോരത്തെ കടമ്പിന്‍ പൂവായീ
    മാറിയാല്‍ ‍ ഈ ജന്മം സഫലമല്ലോ
    നിത്യവും നിന്‍ പാദ പൂജാപുഷ്പ്പമായീ
    ജന്മം പുണ്യമായീ തീരുമല്ലോ
    ആത്മാവില്‍ നീയെന്നും നിറയുമല്ലോ കണ്ണാ ...
    കൃഷ്ണഭക്തി എന്ന് മുതലാണ് എന്നില്‍ കടന്നുവന്നത് ..? അറിയില്ല ...ഒരുപക്ഷേ ഞാന്‍ ജനിച്ച മാത്രയില്‍ തന്നെയാവാം .ഗുരുവായൂരപ്പന് വല്യമ്മച്ചി നേര്‍ച്ച പറഞ്ഞിട്ട് കിട്ടിയതാണ് ഞാനെന്ന്‍ കേട്ടിട്ടുണ്ട് .അതുകൊണ്ടാണോ ആ അഗാധ ഭക്തിയെന്ന്‍ അറിയില്ല. ചെറുപ്പത്തില്‍ ഉണ്ണികൃഷ്ണനും ഉണ്ണീശ്ശോയും ഒരാളാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. ദൈവങ്ങളെല്ലാം ഒന്നുതന്നെയെന്ന് അന്നേ ചിന്തിപ്പിച്ച ദൈവത്തിനു നന്ദി.
    കൃഷ്ണനോട് ഞാന്‍ കൂടുതല്‍ അടുത്തത് എന്‍റെ കൗമാര കാലത്താണ്. കൃഷ്നോട് പ്രണയം തുടങ്ങിയത് പെട്ടെന്നായിരുന്നു. കഥകളിലെ രാധ ഞാനാണെന്ന് വെറുതെ തോന്നി.ഒരുപക്ഷേ കൃഷ്ണനെ പ്രണയിച്ചാല്‍ ഒരിക്കലും നഷ്ടപ്പെടില്ല എന്നു കരുതിയാവാം മനസ്സില്‍ അങ്ങനെ തോന്നിയത്. ലോകത്ത് ആളുകള്‍ പ്രണയിക്കുന്ന ഒരേയൊരു ദൈവമാവം കൃഷ്ണന്‍.
    എന്‍റെ സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം പറഞ്ഞിരുന്നത് കൃഷ്ണനോടാണ്. ഹോസ്ടല്‍ ജീവിതം തുടങ്ങിയപ്പോള്‍ കൃഷ്ണനോട് മിണ്ടാന്‍ സമയമില്ലാതായി. എങ്കിലും ഞാന്‍ എഴുതുന്നതും പറയുന്നതുമെല്ലാം എന്‍റെ കൃഷ്ണനെപറ്റിയാണ്. മനസിലെ കൃഷ്ണഭക്തി മായാതിരിക്കട്ടെ. ജീവിതത്തില്‍ എന്തു വേദനയും താങ്ങാന്‍ എന്‍റെ കൃഷ്ണന്‍ എനിക്ക് കൂട്ടാവട്ടെ.കൃഷ്ണന്‍ എന്‍റെ വേദനയില്‍ കൂട്ടാവുമെങ്കില്‍ വേദനിക്കാനാണെനിക്കിഷ്ടം.....എന്നും എന്‍റെ കൂട്ടായി എന്‍റെ ഉണ്ണിക്കണ്ണന്‍ ഉണ്ടായിരിക്കട്ടെ .....എന്‍റെ മകനായും , കാമുകനായും , സുഹൃത്തായും, ഗുരുനാഥനായുമെല്ലാം എന്‍റെ കൃഷ്ണന്‍ എന്നും കൂടെയുണ്ടാവട്ടെ .......

    ReplyDelete