ശ്രീകൃഷ്ണ കീര്ത്തനങ്ങള് വക്താവിനുംശ്രോതാവിനും അവരുടെ ഏഴു തലമുറകള്ക്കും ശ്രുതിമാത്രയില്ത്തന്നെ പവിത്രമാക്കിത്തീര്ക്കുന്നു. ശ്രീ കൃഷ്ണപരമാത്മാവിന്റെ ഗുണഗണങ്ങള് എവിടെയൊക്കെ കീര്ത്തിക്കപ്പെടുന്നുവോ അവിടം തന്നെയാണ് സര്വ്വ തീര്ത്ഥങ്ങളും ,പുണ്യങ്ങളും മംഗളങ്ങളുമെല്ലാംനിലനില്ക്കുന്നത്.ശ്രീകൃഷ്ണ കീര്ത്തന ധ്വനി കേള്ക്കുന്നമാത്രയില് എല്ലാ പാപങ്ങളും ഗരുഡനെക്കണ്ട സര്പ്പങ്ങളെപ്പോലെ ഓടി ഒളിക്കുന്നു.ശ്രീ കൃഷ്ണ കീര്ത്തനം നടക്കുന്ന ദിവസം സ്ഥലം എന്നിവ സഫലമാണ്,ധന്യമാണ്,യശസ്സുണ്ടാക്കുന്നതും,സര്വ്വ മംഗള പ്രദവും ആണ്.അവിടെ ആയുസ്സിനു കോട്ടം സംഭവിക്കില്ല.ശ്രീ കൃഷ്ണ കീര്ത്തനത്തില് പരമാനന്ദമഗ്നരായി നൃത്തമാടുന്ന ഭക്ത വൃന്ദങ്ങളുടെ പാദധൂളികളാല് വസുന്ധര പവിത്രയായിത്തീരുന്നു. (ശ്രീ നാരദ പഞ്ചരാത്രത്തില് നിന്ന്)
ശ്രീ കൃഷ്ണ !ഗോവിന്ദ!ഹരേ!മുരാരേ!
ഹേ!നാഥ! നാരായണ!വാസുദേവാ!
ലോകൈക നാഥ!മധുസൂതന!കൃഷ്ണ!കൃഷ്ണാ!
രാധേശ!കേശവ!സുരേശ!ഹരേ!നമസ്തേ!
കൃഷ്ണ മുക്തകങ്ങൾ
ReplyDeleteഡി. കെ. എം. കർത്താ
കൃഷ്ണാശരീരി
കണ്ണൻ പോയി മറഞ്ഞതെങ്ങു ? നിറയും കണ്ണോടെ കാളിന്ദി തൻ
മണ്ണിൽ തേടിയലഞ്ഞു കാലുകൾ തളിർ പോലാകെ വാടീടവേ;
നെഞ്ചിൽ തേങ്ങലുയർന്ന രാധിക മുദാ കേൾക്കുന്നു ഹൃത്തിൻ ഗുഹയ്-
ക്കുള്ളിൽ നി "ന്നമലേ, നതാർത്തഹൃദയംതാനെന്നൊളിത്താവളം !!!”
കൃഷ്ണജലദം
മേഘത്തിൻ നീലവർണ്ണം ചുരുൾമുടി നിറയെച്ചൂടിനിൽക്കും മുരാരേ !
മേഘം പെയ് യുന്ന പോൽ നിൻ മുരളികയരുളീടുന്നിതാ രാഗവർഷം !
*മേഘജ്യോതിസ്സുപോൽ നിൻ ചിരിയുടെ പരമോദാരമാം ഉർവ് വരത്വം
പേർത്തും പോക്കുന്നു വേഗം നമിതജനമനോഭൂമിതന്നൂഷരത്വം !
കൃഷ്ണബാഷ്പം
"രാവെത്തീ ഹരികൃഷ്ണ ! നിർത്തുക കളിക്കൂത്തൊക്കെയും സത്വരം
മേലോക്കെക്കഴുകാം, വിളക്കു തെളിയിച്ചീടാം, തുടങ്ങാം ജപം;"
ഈ വാക്കിൻ മുനയേറ്റു നീറി, യരുമക്കൂട്ടാളികൾ പോയ് മറ----
ഞ്ഞീടും കാഴ്ച നിനച്ചു കണ്ണനണിയും കണ്ണീർ തുടയ് ക്കാവു നാം !!
കൃഷ്ണാഹ്വാനം
കണ്ണാ ! നീ വരികെന്റെ ഹൃത്തി, ലവിടം ഭാവസ്ഥിരം; രാധികാ --
നാമത്തിൻ തുളസീശതം വളരുമാ ഭൂവിന്നു വൃന്ദാവനം !
ഓടപ്പൊൻകുഴലിന്റെ ഗീതമവിടെക്കേൾക്കാവു നിത്യം ഹരേ !
ഗോപസ്ത്രീജനനൂപുരദ്ധ്വനി ചുഴന്നീടാവു നിൻ ഗീതിയെ !!
കൃഷ്ണദയ
ഗൌരോരസ്സിലെയംശുകം മുറുകിയാത്ത്വക്കിൽ തുടുപ്പേറവേ,
രാധയ് ക്കൊട്ടുളവായ നീറ്റലുടനേ പാടേ കുളിർപ്പിയ് ക്കുവാൻ
ചാണക്കല്ലിലരച്ചു താമരയിലക്കിണ്ണത്തിൽ മാലേയമോ ----
ടാലേപത്തിനു തൂവലും കനിവുമായെത്തും ഹരേ, പാഹി മാം !
കൃഷ്ണനാമധേയം
മേഘം മൂടിയിരുണ്ടു നേരം; ഇളകും മാർഗ്ഗപ്രദീപങ്ങളിൽ
സ്നേഹം വറ്റി; യണഞ്ഞു കാറ്റിലകലെ സ്തംഭത്തിലെദ്ദീപവും;
പേടിപ്പാന്പുകൾ കാലിലേറിയിഴയുന്പോഴെൻ ഹരേ ! നിന്റെയാ---
പ്പേരെൻ നാവിൽ നിറച്ചു പോംവഴിയകക്കണ്ണിൽ തെളിച്ചീടണേ !!!
കൃഷ്ണമഞ്ജീരം
കൈലാസേശ്വരവാദിതം ഡമരുവിൻ ഗംഭീര നാദങ്ങളും
വാഗ് ദേവീധൃതവല്ലകീ വിരചിതം രാഗങ്ങളും, ശ്രീഹരേ !
യാഗത്തിൽ വരസാമവേദിയരുളും മന്ത്രങ്ങളും കേൾക്കുവേൻ
കേളീലോലത നിന്റെ കാൽത്തളകളിൽ ചേർക്കുന്ന ഗീതങ്ങളിൽ !!
കൃഷ്ണതത്വമസി
പിന്നിൽക്കൂടിയണഞ്ഞു കൃഷ്ണമിഴികൾ പൊത്തുന്നു രാസേശ്വരീ --
ഹസ്തങ്ങൾ ; സ്വരമൊട്ടു മാറ്റി ഹരിയോടാരാഞ്ഞു തന്വങ്ഗിയാൾ :---
"കൺകൾപൊത്തുവതാര്, നീ പറയുമോ? കാണട്ടെ നിൻ ചാതുരി!"
ചന്ദ്രൻ ചന്ദ്രിക തന്നെയെന്നറിയുവോൻ ചൊല്ലുന്നു:-- " നീയെന്ന ഞാൻ !"
കൃഷ്ണവംശി
കാളിന്ദിക്കടവിൽ ഘടം നിറയുവാൻ വെള്ളത്തിലാഴ് ത്തീടവേ,
കേൾപ്പൂ നാഥ ! തവാർദ്ര രാഗമധുരം വേണൂരവം ദൂരെ ഞാൻ;
വായ് പൊത്തീട്ടു കുടത്തെ മൂകമുഖയായ് മാറ്റുന്നു ഞാ; നെങ്കിലും
രാഗം, കൃഷ്ണ ! മുഴക്കിടുന്നു മമഹൃദ് കുംഭത്തെയുച്ചൈസ്തരം !
കൃഷ്ണനിദ്ര
നീലക്കൺകളടഞ്ഞു, ചന്ദ്രവദനം കൂന്പുന്നു പൂപോൽ; ഇടം--
കൈയ് യിൽ വംശിക മെല്ലെയങ്ഗുലിയയഞ്ഞൂരുന്നു നിശ്ശബ്ദയായ് !
ശ്വാസം ദീർഘതരം; കിനാവിലിളകീടുന്നൂ മിഴിക്കോണുകൾ —
ലോകം കാക്കുമഖണ്ഡമന്ദഹസിതം മാത്രം നിരന്തം, ചിരം !!!