വൃന്ദാവനത്തില് നീ ചെന്നപ്പോളെന്നോമല്
കണ്ണനെ കണ്ടുവോ തോഴി ?
കണ്ണന്റെ സുന്ദര വേണുഗാനം കേട്ടോ
കാളിന്ദി തിരവും കണ്ടോ?
കണ്ടപ്പോള് ഓടിയണഞ്ഞുവോ കാര്വര്ണ്ണന്
പ്രേമത്തോടെന്നേ തിരഞ്ഞോ ?
ഉണ്ണിയെ കാണാന് ഞാന് ചെല്ലാത്ത പരിഭവം
ചെന്താര് മിഴിയില് നിറഞ്ഞോ?
മണ്ണിലെന് കണ്ണന്റെ പദാരവിന്ദത്തിന്
പുണ്യമാം രേഖകള് കണ്ടോ?
പിലിത്തിരുമുടിക്കെട്ടില് നിന്നുര്ന്നൊരു
പിലിത്തുണ്ടെങ്ങാനും കണ്ടോ?
പക്ഷി ലതാദികള് കൃഷ്ണഗീതം പാടി
നര്ത്തനമാടുന്ന കണ്ടോ?
ഗോപീ ഗൃഹം കണ്ടോ ഗോവര്ധനം കണ്ടോ
ഗോക്കളെ മേക്കുന്ന കണ്ടോ?
ഗോപിമാരറിയാതെ വെണ്ണ കവര്ന്നവന്
ആരുമേ കാണാതെ തന്നോ?
അവിടുത്തെ മണ്തരി ഓരോന്നും കൃഷ്ണന്റെ
ഓരോ കഥകള് പറഞ്ഞോ?
നിന്നുവോ തോഴി കടമ്പുമരച്ചോട്ടില്
കാളിയമര്ദ്ദനം കണ്ടോ?
നീലനിലവില് നിനക്കായി മാധവന്
അടിയോ രസനടനം?
വൃക്ഷങ്ങള് തീര്ത്തൊരു പൂമ്പട്ടു മെത്തമേല്
കൃഷ്ണനോടൊപ്പമിരുന്നോ ?
അതുകണ്ട കാര്മുകില് മോദത്താല് നിങ്ങളെ
മെല്ലെ പനിനീര് തളിച്ചോ?
കാനന മദ്ധ്യത്തില് നിന്നെയും കാര്വര്ണ്ണന്
രാധയെപ്പോലെ വെടിഞ്ഞോ?
കണ്ണനെത്തേടി നടന്നപ്പോള് വന്നുനിന്
കണ്ണുകള് പൊത്തിയോ കൃഷ്ണന്
ലാവണ്യ സുന്ദരന് മാറോടു ചേര്ത്തുടന്
രാധേ!എന്നൊന്നു വിളിച്ചോ?
എല്ലാം മറന്നു നീ മോഹന കൃഷ്ണന്റെ
മാറില് തലചായ്ച്ചു നിന്നോ?
കണ്ണന്റെ പുണ്യം നുകര്ന്ന് നുകര്ന്നു നീ
കണ്ണനായ് മാറിയോ തോഴീ?
തിരികെവരും നേരം അരികത്തണ ഞ്ഞൊരു
സന്ദേശമോതിയോ കണ്ണന്
വൃന്ദാവനത്തില് ഞാന് ചെല്ലെണ്ടാതെന്നാണെ-
ന്നൊരു കുറി ചൊല്ലിയോ കൃഷ്ണന്?
പറയൂ വിശദമായ് എല്ലാം പ്രിയസഖി
അറിയാന് തിടുക്കമായ് തോഴി
കൃഷ്ണനില് ചേരാന് കൊതിക്കുന്നൊരെന് മനം
കൃഷ്ണ കഥയാല് നിറയ്ക്കു
(സുദര്ശന രഘുനാഥ് ,വനമാലി)
No comments:
Post a Comment