Wednesday 28 February 2018

നമുക്കും കണ്ണന്റെ കൂടെ ഹോളി ആഘോഷിക്കാം

കണ്ണാ..... കണ്ണാ.....എന്റെ ഉണ്ണിക്കണ്ണനെവിട്യാണ്? യശോദയുടെ ചോദ്യം കേട്ടീട്ടും കണ്ണൻ വിളി കേട്ടില്ല. 
ഇതെവിട്യാണ് എന്റെ കുട്ടി. യശോദയുടെ ചുണ്ടിൽ ഒരു ചിരി പടർന്നു. 
ഉം.. അറയിലുണ്ടാവും. വെണ്ണയോ പാലോ ഇന്നെന്താണാവോ ലക്ഷ്യം?  ഇങ്ങന്യൊരു വികൃതി.
യശോദ അറിയിൽ ചെന്നു നോക്കി. കണ്ണനവിടെ ഇല്ല. വെണ്ണയും പാലും എടുത്ത ലക്ഷണവും കാണാനില്യ. പിന്നെവിട്യാണ്? ഉരപ്പുരയിലും പശുത്തൊഴുത്തിലും എവിടേയും കണ്ണനില്യ. യശോദ ചെവിയോര്‍ത്തു. കണ്ണന്റെ കിങ്ങിണീട്യോ പാദസരത്തിന്റ്യോ ശബ്ദം കേൾക്കനുണ്ടോ? 
ഏയ് ഇല്യലോ..
 ഇനി ഏതെങ്കിലും ഗോപീഗൃഹങ്ങളിൽ പോയതാണോ? യശോദ മുറ്റത്തിറങ്ങി ചുറ്റും നോക്കി. അർദ്ധവൃത്താകൃതിലുള്ള ഗോപഗൃഹങ്ങളുടെ നടുക്കാണ് നന്ദഗൃഹം. അതുകൊണ്ട് എല്ലാവരുടെ മുറ്റത്തേയ്ക്കും നോട്ടമെത്തും എവിടേയും കണ്ണൻ ചെന്നതായി തോന്നുന്നില്ല. തേവരേ എന്റുണ്ണി എവിടെപ്പോയതാവും? യശോദയ്ക്ക് പരിഭ്രമായി.
വീണ്ടും ഉറക്കെ വിളിച്ചു. " കണ്ണാ...അമ്മേടെ പൊന്നുണ്ണീ..നീയ്യെവിട്യാണ്?"
വിളികേട്ട് ശ്രോതകൃഷ്ണൻ ഓടിവന്നു പറഞ്ഞു.
യശോദമ്മേ... കണ്ണൻ അവിടെ ഇരുന്നു കരയുന്നു..
ങേ.. എന്റുണ്ണിക്ക് എന്തേ പറ്റീത്?
യശോദ ഓടിച്ചെന്നു നോക്കുമ്പോൾ കണ്ണൻ കദംബത്തിൽ ചാരി കാൽമുട്ടുകൾക്കുള്ളിൽ മുഖം മറച്ച് തേങ്ങിക്കരയുന്നു. 
നാരായണ നാരായണ.....
ദെന്താപ്പൊ ണ്ടായേ?
എന്റെ കുട്ടിക്കെന്തേ പറ്റീത്? 
കണ്ണാ അമ്മേടുണ്ണിക്ക് എന്തുപറ്റീ?
യശോദ കണ്ണനെ വാരിയെടുക്കാൻ നോക്കി.
കണ്ണൻ കൈ തട്ടി മാറ്റി യശോദമ്മയുടെ മുഖത്തേയ്ക്ക് സങ്കടത്തോടെ നോക്കി. കണ്ണനെ ഇങ്ങനെ സങ്കടപ്പെട്ട് കണ്ടീട്ടേ ഇല്യ. 
സുദാമാവേ ശ്രോതകൃഷ്ണാ ആരെങ്കിലൊന്നു പറയൂ എന്റെ കണ്ണന് എന്തേ പറ്റീത്?
ആരും ഒന്നും മിണ്ടുന്നില്ല. യശോദ കണ്ണന്റെ അടുത്തിരുന്ന് സ്നേഹത്തോടെ പുറത്തു തലോടിക്കൊണ്ടു ചോദിച്ചു. എന്തിനാ ന്റെ കുട്ടൻ ഇങ്ങനെ കരയണേ..?
എന്താ കണ്ണാ....ണ്ടായേ...? അമ്മ്യോടു പറയൂ. ..
കണ്ണൻ അമ്മേടെ മാറിൽ തല ചായ്ച്ച് ഒരു തേങ്ങലോടെ ഇടറിയ സ്വരത്തില്‍ ചോദിച്ചു.
"അമ്മേ...ഞാൻ അമ്മേടെ മോനാണോ?"
"ങേ.. ഇതെന്താ കണ്ണാ ഇങ്ങന്യൊരു ചോദ്യം? കണ്ണൻ അമ്മേടെ പൊന്നുണ്ണി തന്ന്യാണ്. 
സത്യായീട്ടും.....?
"അതെ കണ്ണാ.... സത്യായീട്ടും. അതിലെന്താത്ര സംശയം?" 
"അച്ഛനും അമ്മയും ഏട്ടനും ഏട്ടന്റമ്മേം എല്ലാവരും വെളുത്തീട്ടാണല്ലോ കണ്ണൻ മാത്രെന്തേ കറുത്തുപോയത്?"
കണ്ണന് തേങ്ങലടക്കാനാവുന്നില്യ.

യശോദയ്ക്ക് ചിരി വന്നു. അപ്പോള്‍ ഇതാണ് കാര്യം. 
"എന്റുണ്ണീ കറുപ്പും വെളുപ്പുമെല്ലാം ഭഗവാൻ തരുന്നതല്ലേ?"
"വെളുത്ത നന്ദിനിപ്പയ്യിന്റെ കുഞ്ഞു വെളുത്തത്. ചുവന്ന സുരഭീടെ കുഞ്ഞ് ചുവന്നത്. വെളുത്ത യശോദമ്മേടെ കണ്ണൻ മാത്രം കറുത്തത്."

ഹൈ...ന്റുണ്ണീ...കറുത്താലെന്താ കണ്ണന്റത്ര ഭംഗി ഇവിടെ വേറെ ആർക്കാള്ളത്?
"അമ്മേ ഗോപികമാരെല്ലാവരും പറയണു ഞാൻ അമ്മേടെ മോനല്ലാന്ന്."
"അതു വെറുതെ പറയാണ് കണ്ണാ. അമ്മേടെ ഉണ്ണ്യല്ലാണ്ടെങ്ങിന്യാ കണ്ണൻ അമ്മേടെ അടുത്ത് വന്നത്. അമ്മേടെ അമ്മിഞ്ഞപ്പാൽ കുടിക്കുന്നത്?"
ഞാനും അത് ചോദിച്ചൂ അമ്മേ...അപ്പോൾ അവർ പറയാ സുരഭിലേടെ കുഞ്ഞ് നന്ദിനിയുടെ അകിട്ടിൽ പോയി പാലു കുടിക്കുന്നുണ്ടല്ലോ?"
"എന്റെ കണ്ണാ...എന്താ പറയാ? ഇതൊക്കെ കണ്ണനെ ശുണ്ഠി പിടിപ്പിക്കാൻ പറയുന്നതല്ലേ?"
"ഗോപികമാർ പറഞ്ഞൂലോ  അമ്മ എന്നെ  മേടിച്ചതാണ് ന്ന്."
മേടിക്കേ...ഹ..ഹ.. ഇതന്താ പാലോ തൈരൊറ്റ്യാണോ മേടിക്കാൻ... ഇതൊക്കെ പറയാന്‍ ഇന്നെന്തേണ്ടായേ..?

"അമ്മേ...  ഇന്നിവിടെ ചാണകം വാങ്ങാൻ ഒരു സ്ത്രീ വന്നില്യേ...? കറുത്ത് തടിച്ച് മൂക്കുത്ത്യൊക്കെ ഇട്ട് ...."

"ഉവ്വ്.... അതിന്?"

"അവർ എന്നെക്കണ്ടപ്പോൾ എന്റെ ഉണ്ണീ എന്ന് വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിച്ച് ഉമ്മവച്ചു."

"അതിപ്പോ അമ്മേടെ കുട്ട്യേ കണ്ടാൽ ആർക്കാ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കാൻ തോന്നാത്തത്?
കണ്ണനെ അവർക്ക് അത്ര ഇഷ്ടായീണ്ടാവും."

"അതുകണ്ടപ്പോൾ ഗോപികമാർ എല്ലാവരും കളിയാക്കി ചിരിച്ചു. വിശാഖ പറയാണ് അതാണ് എന്റെ അമ്മ ന്ന്"
"കഷ്ടം കണ്ണാ അവർ കണ്ണനെ ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ? അവരുടെ ഉണ്ണി അവരുടെ ഗൃഹത്തിലല്ലേ ഉണ്ടാവാ നന്ദ ഗൃഹത്തിലാണോ ന്ന് ചോദിക്കായിരുന്നില്യേ ഉണ്ണിക്ക്?"
"ഞാൻ ചോദിച്ചു അമ്മേ ..അപ്പോള്‍ അവര്‍ പറയാണ് അമ്മയ്ക്കൊരു ഉണ്ണീല്യാണ്ട്  ചാണകം കൊടുത്ത് പകരായി കണ്ണനെ അമ്മ മേടിച്ചതാണ് ന്ന്. അതാത്രേ കണ്ണൻ ഇങ്ങനെ കറുത്തിരിക്കുന്നത്."  
കണ്ണന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു തുളുമ്പി.
"കഷ്ടം ഇത്ര വിഡ്ഢ്യായീലോ അമ്മേടെ ഉണ്ണി. ഏതെങ്കിലും അമ്മ സ്വന്തം കുട്ട്യേ ആർക്കെങ്കിലും കൊടുക്കോ കണ്ണാ...! എത്ര വലിയ സമ്മാനം തരാം ന്ന് പറഞ്ഞാലും അമ്മയ്ക്ക് ഉണ്ണിയെ വിൽക്കാൻ പറ്റോ?"
വാത്സല്യാധിക്യത്താൽ യശോദയുടെ കണ്ഠം ഇടറി. 
"അമ്മേ...വിശാഖ ഇങ്ങനെ പറഞ്ഞപ്പോൾ എല്ലാവരും കളിയാക്കിച്ചരിച്ചു. നമ്മുടെ രാധപോലും."
അപ്പോള്‍ അതാണ് കാര്യം?
രാധയും കളിയാക്കി. യശോദമ്മ കണ്ണനെ വാരിയെടുത്ത് ഉമ്മവച്ചു.
"അല്ലെങ്കിലും ഈ ഗോപികമാർക്ക്  അവർ വെളുത്തതായതോണ്ട് വല്യേ സുന്ദരിമാരാണ് ന്നാ ഭാവം ല്ലേ അമ്മേ...? അവരുടെ കൂട്ടുകൂടി രാധയും അതുപോല്യായി."
"കണ്ണാ അതിന് അമ്മ ഒരു സൂത്രം പറഞ്ഞു തരാം"
"എന്താ അമ്മേ..?" കണ്ണന്റെ നിറഞ്ഞ കണ്ണുകൾ തിളങ്ങി.  
"നമുക്ക് ഇന്നു തന്നെ അച്ഛനോടു പറഞ്ഞ് ധാരാളം വർണ്ണപ്പൊടികൾ വാങ്ങിക്കാം."
"എന്നീട്ട്?"
"കണ്ണനിഷ്ടള്ള നിറങ്ങളെല്ലാം രാധയുടേയും ഗോപികമാരുടെ ദേഹത്ത്‌ പൂശിക്കോളൂ..."
അതുകേട്ടപ്പോൾ സ്വതേ കുറുമ്പിന്റെ യൂണിവേഴ്സിററിയായ കണ്ണന് ബഹുരസായി.
കണ്ണന്റെ സങ്കടമെല്ലാം മാറി.
കണ്ണൻ ഗോപികമാരുടെ അടുത്തെത്തി.
അത്യധികം മധുരഭാവത്തിൽ വിളിച്ചു "സുന്ദരിമാരേ..."
ഹ! അതു കേട്ടാൽ മതി ഗോപികമാർക്ക്. ആ വിളി അവർക്ക് അമൃതപാനം ചെയ്തതുപോലെയായി.
അവർ പ്രേമത്തോടെ വിളിച്ചു
"ശ്യാമസുന്ദരാ ...." 
"ഞനൊരു സന്ദേശം അറിയിക്കാൻ വന്നതാണ്. "
എന്താ കൃഷ്ണാ...?
നാളെ നന്ദഭവനത്തിൽ ഗോപികമാർക്കു വേണ്ടി മാത്രം ഒരു ആഘോഷം നടത്താന്‍ തീരുമാനിച്ചീട്ടുണ്ട്. നിങ്ങളെല്ലാം  പുതുവസ്ത്രങ്ങളണിഞ്ഞ് അതിസുന്ദരികളായി ഒരുങ്ങി രാധയുടെ നേതൃത്വത്തിൽ വരണം എന്ന് അച്ഛന്‍ പറഞ്ഞിരിക്കുന്നു."
ആർക്കാണ് കൂടുതല്‍ ഭംഗീന്ന് നിശ്ചയിച്ച് ഒരു സുന്ദരിപ്പട്ടവും തരുന്നുണ്ട് ത്രേ..."
"അതുവ്വോ?
രാധയ്ക്കും ഗോപികമാർക്ക് സന്തോഷം അടക്കാനായീല്ല."
കണ്ണൻ ഒന്നു കൂടി പറഞ്ഞു. 
ആ സുന്ദരി എന്നും ഈ കണ്ണന്റെ പ്രിയപ്പെട്ടവളായിരിക്കും. എന്നും കണ്ണന്റെ സ്വന്തം"
ഹ ഹ ! ഇതിൽപ്പരം എന്തുവേണം. ? ഗോപികമാർ ഓരോരുത്തരും കണ്ണന്റെ പ്രിയപ്പെട്ടത് താനാവണം എന്ന് മോഹിച്ചു.
പിറ്റേന്ന് എല്ലാവരും നേരത്തേ എണീറ്റ് എല്ലാ പ്രഭാതകൃത്യങ്ങളും തീർത്ത് വളരെ സമയമെടുത്ത് ഒരുങ്ങി. ഏറ്റവും സുന്ദരി ഞാനാവണം എന്ന് എല്ലാവരും ആഗ്രഹിച്ചു. 
 രാധയോടൊത്ത് അവർ നന്ദഭവനത്തിലെത്തി.
അവിടെ ആഘോഷത്തിന്‍റെതായ ഒരുക്കങ്ങള്‍ ഒന്നും കണ്ടില്ല. ആരേയും ഗൃഹത്തിന് പുറത്ത് കാണാനില്ല. സാധാരണ ഞങ്ങള്‍ വരുന്നതു കാത്ത് കണ്ണൻ നില്ക്കാറുള്ളതാണ്. ഇന്ന് കണ്ണനേം കാണാനില്യ.
രാധയും ഗോപികമാരും ഗൃഹാങ്കണത്തിനു മുന്നിലുള്ള കദംബവൃക്ഷത്തിന്റെ ചുവട്ടിൽ ശങ്കിച്ചു നിന്നു .
"രാധേ കണ്ണൻ നമ്മളെ കളിപ്പിച്ചതാവുമോ?"
" ഏയ് അത് കളവാകില്ല. കണ്ണന്റെ അച്ഛൻ പറഞ്ഞുന്നല്ലേ പറഞ്ഞത്."
 "അതെ. നമുക്ക് മാത്രമായ ആഘോഷല്ലേ ? ലക്ഷ്മീ പൂജയോ സുമംഗലീ പൂജയോ ആവും. "
അവർ പരസ്പരം സംസാരിച്ചുകൊണ്ടു നില്ക്കുമ്പോൾ പെട്ടെന്ന് ഗഞ്ചിറയുടേയും
തപ്പിന്റേയും ഢോലക്കിന്റേയും ഹരിബോലിന്റേയും (ഭജനയ്ക്ക് ഉപയോഗിക്കുന്ന ലോഹവാദ്യമാണ് ഹരിബോല്‍) ശബ്ദം മുഴങ്ങി. 
കദംബ മരത്തിനു മുകളിൽ നിന്ന് കണ്ണനും,  ശ്രോതകൃഷ്ണനും സുദാമാവും കുറച്ചു ഗോപന്മാരും ഗോപികമാരുടെ ഇടയിലേക്ക് ചാടിവീണു. 
" ഹോയ്...രാധ വന്നൂ.... വിശാഖ വന്നു....ചന്ദ്രലേഖയും മണിമേഖലയും വന്നൂ....
ഗോപികമാരെല്ലാം വന്നൂ....."
എന്ന് പാടിക്കൊണ്ട് കണ്ണനും കൂട്ടുകാരും ഗോപികമാരുടെ ചുറ്റും നടക്കാൻ തുടങ്ങി. വാദ്യമേളങ്ങൾ മുഴക്കിക്കൊണ്ട് രാമേട്ടന്റെ നേതൃത്വത്തിൽ  മറ്റു ഗോപകുമാരന്മാരും അവിടെയ്ക്കെത്തി. വാദ്യഘോഷവും പാട്ടുമെല്ലാം കേട്ട്  എന്താണെന്നറിയാതെ വൃന്ദാവനത്തിലുള്ളവരെല്ലാം അവിടെയ്ക്ക് ഓടിയെത്തി. നന്ദഗൃഹത്തിന്റെ മുറ്റത്ത് എന്ത് ആഘോഷമാണ് എന്ന് ആർക്കും മനസ്സിലായീല്ല. എന്താണ് സംഭവിക്കുന്നത് എന്ന് ഗോപികമാർക്കും മനസ്സിലായീല്ല. എല്ലാവരും ആട്ടവും പാട്ടും വാദ്യഘോഷങ്ങളും കണ്ട് ലയിച്ചു നിലക്കുമ്പോൾ കണ്ണനും കൂട്ടുകാരും കയ്യിൽ കരുതിയ വർണ്ണപ്പൊടികൾ ഗോപികമാരുടെ ദേഹത്തേയ്ക്ക് വാരിയെറിഞ്ഞു. പച്ചയും ചുവപ്പറും മഞ്ഞയും നീലയും എന്നു വേണ്ട വിവിധതരം വർണ്ണപ്പൊടികൾ ഗോപികമാരുടെ തലയിലും ദേഹത്തും വാരിവിതറി. കണ്ണൻ രാധയുടെ കവിളിലും ദേഹത്തും ചായം തേച്ചു. ഗോപികമാർ വർണ്ണങ്ങളിൽ മുങ്ങി. കണ്ണനും കൂട്ടരും അവരെ കളിയാക്കി ചിരിച്ചുകൊണ്ട് ആട്ടവും പാട്ടും തുടർന്നു.  ഗോപികമാർക്ക് എല്ലാം കണ്ണന്റെ സൂത്രമാണ് എന്നു മനസ്സിലായി.  നാണവും സങ്കടവും തോന്നി . അങ്ങിനെ തോറ്റുകൊടുത്താൽ പറ്റില്യ. രാധ ചന്ദ്രാവലിയുടെ കാതിൽ എന്തോ പറഞ്ഞു.  ചന്ദ്രാവലിയും കുറച്ചു തോഴിമാരും ആരുമറിയാതെ ഇതിനിടയില്‍ നിന്നു പോയി. രാധയും മറ്റു സഖിമാരും നാണിച്ചു തലതാഴ്ത്തി നിന്നു. 
കണ്ണനും കൂട്ടർക്കും അത് കണ്ട് ആവേശം കൂടി. ഗോപികമാരുടെ ചുറ്റും ആട്ടവും പാട്ടും തുടർന്നു.  വ്രജവാസികൾക്കരല്ലാം ഇത് വളരെ ആസ്വാദ്യമായി. അല്പം കഴിഞ്ഞപ്പോൾ ഒരു തോഴി വന്ന് രാധയോട് എന്തോ പറഞ്ഞു.  
പെട്ടന്നു രാധ മുഖമുയര്‍ത്തി കണ്ണനെ നോക്കി.
പിന്നെ എല്ലാവരും ചേർന്ന് ഉച്ചത്തിൽ 
"ചന്ദ്രാവലി വന്നൂ...... ഇന്ദുലേഖ വന്നൂ...... രാഗിണിയും...രോഹിണിയും വന്നു....
പ്രിയതോഴിമാർ വന്നു..... " എന്നു പറഞ്ഞ് ഗോപന്മാരെ തള്ളിമാറ്റി യമുനയുടെ തീരത്തേയ്ക്ക് ഓടി. ഒരു നിമിഷം വാദ്യഘോഷങ്ങളും ആട്ടവും പാട്ടും നിലച്ചു.
 ങേ..ഇതെന്താണ്? കണ്ണനും കൂട്ടുകാരും പരസ്പരം നോക്കി. 
കണ്ണൻ എല്ലാവരോടും പറഞ്ഞു. " ചങ്ങാതിമാരേ
നമ്മളിൽ നിന്ന് രക്ഷപ്പെടാനുള്ള ഗോപികമാരുടെ സൂത്രമാണെ്. അവരെ വിടരുത് വരൂ"  കണ്ണനും കൂട്ടുകാരും ആവേശത്തോടെ അവരുടെ പുറകേ ഓടി.  ഒരു നിമിഷം കൊണ്ട് ചന്ദ്രാവലിയും കൂട്ടുകാരും കൊണ്ടുവന്ന വർണ്ണപ്പൊടികൾ നിറച്ച മുളയുടെ പീച്ചാംകുഴൽ യമുനാതീരത്തെത്തിയ രാധയ്ക്കും കൂട്ടർക്കും കൈമാറി. അവർ അതിൽ യമുനയിലെ ജലം നിറച്ച് തയ്യാറായി നിന്നു. 
കണ്ണനും കൂട്ടരും അടുത്തെത്തിയതും
കണ്ണൻ വന്നൂ...ശ്യാമവർണ്ണൻ വന്നൂ.....കണ്ണന്റെ കൂട്ടുകാർ വന്നൂ.. എന്ന് പാടിക്കൊണ്ട് പിച്ചാംകുഴിലിലെ വർണ്ണജലം അവരുടെ ദേഹത്തേയ്ക്ക് തെറിപ്പിച്ചു. കണ്ണനും കൂട്ടുകാരും വർണ്ണ ജലത്തിൽ കുളിച്ചു. ഈ സമയം മറ്റെല്ലാവരും അവിടേയ്ക്ക് ഓടിവന്നു. ഈ കളികൾ എല്ലാവര്‍ക്കും നന്നേ രസിച്ചു. അവരും പരസ്പരം വർണ്ണപ്പൊടികൾ വാരി എറിയാനും പീച്ചാംകുഴലെടുത്ത് ജലം തെറിപ്പിക്കാനും തുടങ്ങി. പിന്നെ എല്ലാവരും എല്ലാം മറന്ന് അത് ശരിക്കും ആനന്ദോത്സവമാക്കി മാറ്റി. 
"നന്ദ നന്ദനൻ കണ്ണൻ...
യശോദ നേടിയ പുണ്യം കണ്ണൻ.....
വൃന്ദാവനത്തിലെ കണ്ണൻ...
നമ്മുടെ ഭാഗ്യം കണ്ണൻ...
കണ്ണന്റെ പ്രിയസഖി രാധ....
വൃന്ദാവനത്തിന്റെ റാണീ...
കണ്ണന്റെ മാനസറാണീ....."
എന്നു പാടിക്കൊണ്ട് എല്ലാവരും ആനന്ദത്തിലാറാടി നൃത്തം വച്ചു. 
വൃന്ദാവനം മുഴുവനും ആനന്ദലഹരിയിൽ മുങ്ങിയ ഈ ദിവസം പിന്നീട് മദനോത്സവരൂപത്തിൽ ആഘോഷമായി കൊണ്ടാടാൻ തുടങ്ങി. 
ഹോളി എന്നവാക്കിന് അസത്യമായത് എന്നും ചുവന്ന നിറത്തിലുള്ള പൊടി എന്നുമെല്ലാം അർത്ഥമുണ്ട്. ഇത് പ്രത്യേക ഒരു ഉത്സവത്തിന്റെ ഭാഗമല്ലാതെ, കണ്ണൻ കാണിച്ച തമാശ ഇന്ന് ഉത്സവമായി മാറിയതുകൊണ്ടും, വർണ്ണപ്പൊടികൾ ഉപയോഗിക്കുന്നതുകൊണ്ടും ആവാം ഇതിന്  അസത്യമായത്, നിറങ്ങളുടെ ആഘോഷം എന്നെല്ലാം അർത്ഥം വരുന്ന ഹോളി എന്ന പേരു വന്നത്.
എല്ലാ അക്ഷരപ്പൂക്കളും കൃഷ്ണപാദത്തിൽ പ്രേമപുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.

സുദർശന രഘുനാഥ് 
വനമാലി
 

Sunday 26 November 2017

 വൃന്ദാവനത്തിലെ സുപ്രഭാതങ്ങൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. കൃഷ്ണാനുഭവത്തിനായി വെമ്പുന്ന മനസ്സോടെയാണ് ഓരോ ദിവസവും  രാവിലെ എഴുന്നേൽക്കുന്നത്. വൃന്ദാവനത്തിലെ രാത്രികളിൽ ഉറങ്ങുന്നുണ്ട് എന്നുപോലും പറയാൻ വയ്യ. പകുതി മയക്കത്തിലും മനസ്സ് വൃന്ദാവനത്തിലൂടെ സഞ്ചരിക്കുകയായിരിക്കും . ഏതെങ്കിലും ഭജനയുടെ ഈരടികൾ കാതിൽ മുഴങ്ങുന്നുണ്ടാവും. മയക്കത്തിൽ നിന്ന് ഉണരുമ്പോൾ ചുണ്ടുകളും അത് മന്ത്രിക്കുന്നതായി തിരിച്ചറിയും.  എല്ലാവരും
 "രാധേ രാധേ "എന്ന് പറയുന്ന വൃന്ദാവനത്തിൽ ഹൃദയത്തെ വല്ലാതെ ഉലക്കുന്നതു പോലെ "കൃഷ്ണാ കൃഷ്ണാ " എന്നുവിളിക്കുന്ന ഒരു കൂട്ടരുണ്ട്. അതു കേൾക്കുമ്പോൾ വല്ലാത്ത ഒരു നെഞ്ചിടിപ്പാണ്. ആരാണ് ന്നറിയോ? മയിലുകൾ.  സുപ്രഭാതത്തിൽ ആ വിളിക്കായി ഞാൻ കാതോർത്തു നിൽക്കും. അത്ര പ്രേമത്തോടെയാണ് അവർ കൃഷ്ണനെ വിളിക്കുന്നത്. ഇതിന് ഒരു നാടോടിക്കഥയുണ്ട് . പലരും കേട്ടതാവും. എന്നാലും പറയാം.
ഒരിക്കൽ രാധാദേവി കാട്ടിലൂടെ കണ്ണനെ ചിന്തിച്ചു നടക്കുകയായിരുന്നു. ഒരു കൂർത്ത മുള്ള് വഴിയിൽ കിടന്നത് രാധാദേവിയുടെ ശ്രദ്ധയിൽ  പെട്ടില്ല പക്ഷേ അവിടെ വിഹരിച്ചു കൊണ്ടിരുന്ന ഒരു ആൺമയിൽ അത് കണ്ടു. രാധാദേവിയുടെ പാദങ്ങൾക്ക് മുറിവേൽക്കുമല്ലോ എന്ന് വിചാരിച്ച് പരിഭ്രമത്തോടെ ആ മയിൽ തന്റെ പീലി അവിടെ വിരിച്ച് നിലത്തു കിടന്നു. രാധാദേവി ആ പീലിയിൽ ചവിട്ടി മയിലിനെ മറികടന്നപ്പോൾ അറിയാതെ അതിന്റെ ദേഹത്ത് ചവിട്ടിപ്പോയി. പെട്ടന്ന് കൃഷ്ണ ചിന്തയിൽ നിന്നും ഉണർന്ന രാധാദേവി നിലത്തു കിടക്കുന്ന മയിലിനെ കണ്ടു. രാധാ ദേവി ചോദിച്ചു.
" ഇത്രയും മനോഹരമായ പീലി വിരിച്ച് നീ എന്തിനാണ് വഴിയിൽകിടന്നത്? അതുകൊണ്ടല്ലേ ഞാൻ ചവിട്ടി പോയത്? "
"രാധേ രാധേ... പ്രണാമങ്ങൾ  വൃന്ദാവനേശ്വരീ രാധേ...
ദേവീ ഏതോ ചിന്തയിൽ നടന്നുനീങ്ങിയ അവിടുന്ന് വഴിയിലെ ഒരു കൂർത്ത മുള്ള് ശ്രദ്ധിച്ചില്ലെന്നു തോന്നിയതുകൊണ്ട് ചെയ്തുപോയതാണ്."
ഇതുകേട്ട്  രാധാദേവി വളരെ സന്തോഷത്തോടെ പറഞ്ഞു.
"നിന്നെ പുറമെ കാണാൻ എന്നപോലെ നിന്റെ അകവും അതി സുന്ദരം തന്നെ.  ഇന്നു മുതൽ എന്റെ പ്രിയപ്പെട്ട ചങ്ങാതിയാണ്. "
രാധാദേവി  ആ മയിലിന്റെ കഴുത്തിൽ തല തടവി കൊണ്ട് പറഞ്ഞു " നിന്റെ കണ്ഠത്തിലെ ഈ നീലനിറം എത്ര മനോഹരമാണ്. ഇത് എന്റെ പ്രാണപ്രിയനായ ശ്യാമസുന്ദരനെ ഓർമ്മിപ്പിക്കുന്നു. ഇന്നുമുതൽ നിന്റെ നാമം നീലകണ്ഠൻ എന്നാണ്."
ഇതുകേട്ട് മയിലിന്റെ കണ്ണുകളിൽ നിന്ന് സന്തോഷാശ്രുക്കൾ ധാരധാരയായി ഒഴുകാൻ തുടങ്ങി.
അത് "രാധേ രാധേ" എന്നു വിളിച്ചു കൊണ്ട് രാധയുടെ ചുറ്റും നൃത്തം വയ്ക്കാൻ തുടങ്ങി.  അന്ന് മുതൽ നീലകണ്ഠൻ സദാ രാധദേവിയോടൊപ്പം ഉണ്ടാകും. ഒരിക്കൽ രാധാദേവി യമുനാതീരത്ത് കൃഷ്ണ ചിന്തയിൽ മുഴുകി ഇരിക്കുന്നതു കണ്ട് നീലകണ്ഠൻ അതിനു ഭംഗമുണ്ടാക്കാതെ അടുത്തിരുന്നു. ആ സമയം അകലെ എവിടെയോ നിന്ന്
കണ്ണന്റെ അതിമനോഹരമായ മുരളീരവം ഒഴുകിവന്നു. അതുകേട്ട് രാധാദേവിയുടെ മുഖത്ത് എന്തെന്നില്ലാത്ത ആനന്ദം നിറഞ്ഞു. അടഞ്ഞിരിക്കുന്ന ആ കണ്ണുകളിൽ നിന്ന് ആനന്ദാശ്രു ഒഴുകി വന്നു. ഇത് കണ്ടപ്പോൾ  നീലകണ്ഠൻ ചിന്തിച്ചു. ആ മുരളീരവം ദേവിയെ ഇത്രമാത്രം ആനന്ദിപ്പിക്കുന്നു എങ്കിൽ അദ്ദേഹം നേരിട്ട് മുന്നിൽ വന്നാൽ എത്ര നന്നായിരിക്കും. അങ്ങിനെ വിചാരിച്ചു കൊണ്ട് നീലകണ്ഠൻ  വേണുഗീതം കേൾക്കുന്നത് എവിടെയാണ് എന്ന് തിരഞ്ഞുകൊണ്ട് കാട്ടിലൂടെ നടന്നു. അതാ അകലേയുള്ള കതംബ വൃക്ഷത്തിൽ ചാരിനിന്നുകൊണ്ട് വൃന്ദാവനേശ്വരനായ കൃഷ്ണൻ അതിമനോഹരമായി മുരളീഗാനം പൊഴിക്കുന്നു. കണ്ണനും  കണ്ണടച്ച് ആനന്ദത്തിൽ അലിഞ്ഞ് വേണുവൂതുകയാണ്. നീലകണ്ഠൻ കണ്ണന്റെ അടുത്ത് ചെന്ന് തന്റെ  അതിമനോഹരമായ  മയിൽപീലി  ഒന്ന് കുടഞ്ഞ് വിടർത്തിപ്പിടിച്ചു. ആ ശബ്ദം കേട്ട് ശ്രീകൃഷ്ണ ഭഗവാൻ കണ്ണുതുറന്നു.  അതിമനോഹരമായി പീലി വിടർത്തിയ ഒരു മയിൽ തന്റെ മുന്നിൽ നിൽക്കുന്നു. വേണുഗീതത്തിന് അനുസരിച്ച് ചുവടുകൾ വച്ചു കൊണ്ട് മയിൽ പീലിവിടർത്തി ആടാൻ തുടങ്ങി. കണ്ണന് അത് നന്നേ ബോധിച്ചു. നീലകണ്ഠൻ  രാഗത്തിന് അനുസരിച്ച് നൃത്തം ചെയ്തുകൊണ്ട് രാധാദേവിയുടെ അടുത്തേക്ക് മെല്ലെ മെല്ലെ നീങ്ങി. കണ്ണനും മയിലിനു പിന്നാലെ നടന്ന് രാധാദേവിയുടെ മുന്നിലെത്തി. ആ സമയം നീലകണ്ഠൻ നൃത്തം മതിയാക്കി മാറി നിന്നു. രാധയെ കണ്ട മാധവൻ വേണുഗാനം നിർത്തി. വേണുഗാനം നിലച്ചപ്പോൾ രാധാദേവി കണ്ണുതുറന്നു. കണ്ണനെ കണ്ടതും ദേവിക്ക് എന്തെന്നില്ലാത്ത ആനന്ദം ഉണ്ടായി. അവർ പ്രേമ പാരവശ്യത്തോടെ പരസ്പരം ആലിംഗനം ചെയ്തു. രാധാ ദേവിക്ക് ഏറ്റവും പ്രിയപ്പെട്ടത് കണ്ണനാണ് എന്ന് മനസ്സിലാക്കിയ നീലകണ്ഠൻ ദേവിയുടെ ആനന്ദത്തെ ഒന്നുകൂടി വർദ്ധിപ്പിക്കാൻ
"കൃഷ്ണാ കൃഷ്ണാ" എന്ന് വിളിക്കാൻ തുടങ്ങി.
വൃന്ദാവനത്തിലുള്ളവരെല്ലാം കൃഷ്ണനെ ലഭിക്കാനായി "രാധേ രാധേ" എന്നു വിളിക്കുമ്പോൾ മയിലുകൾ മാത്രം രാധാദേവിയുടെ സന്തോഷത്തിനായി
"കൃഷ്ണാ കൃഷ്ണാ" എന്നു വിളിക്കുന്നു.
രാധാകൃഷ്ണന്മാർ എല്ലാ മനസ്സുകളിലും ആനന്ദമായി നിറയട്ടെ എന്ന പ്രാർത്ഥനയോടെ ഈ അക്ഷരപ്പൂക്കൾ രാധാകൃഷ്ണ പാദങ്ങളിൽ പ്രേമ പുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.
രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ

സുദർശന രഘുനാഥ്
വനമാലി

രാധാദേവിയുടെ കൃപാകടാക്ഷത്താൽ  രാധാകൃഷ്ണന്മാർ ഇന്നും നിത്യവിഹാരം നടത്തുന്ന പരമപവിത്രമായ വൃന്ദാവന ധാമത്തിലേക്ക് വീണ്ടും പോയി വന്നു. ഓരോരോ  യാത്രയിലും വൃന്ദാവനത്തിൽ ആദ്യം എത്തിയതുപോലെയുള്ള അനുഭവമാണ്. ഇവിടുത്തെ ഓരോ മണൽത്തരിയും, പുൽക്കൊടികളും പൂക്കളും  കാറ്റിന്റെ മർമ്മരവും കണ്ണനെ പുതിയ പുതിയ കഥകൾ നമുക്ക് പറഞ്ഞു തരുന്നു . എല്ലാം കേൾക്കും തോറും പുതുമ നിറഞ്ഞതും തന്നെ. ഇവിടുത്തെ എല്ലാ മുഖങ്ങളിലും സദാ സ്നേഹം നിറഞ്ഞ പുഞ്ചിരി മാത്രമാണ്.   പശുക്കളും പക്ഷികളും മരങ്ങളും പുൽക്കൊടികളും മറ്റു മൃഗങ്ങളും എല്ലാമെല്ലാം വളരെ ശാന്തരും സന്തോഷമനുഭവിക്കുന്നവരുമാണ്.  ഏറ്റവും ആകർഷകമായത് ഇവിടുത്തെ കുട്ടികൾ ആണ് . അവരുടെ നിഷ്കളങ്കമായ ചിരിയും അപരിചിതത്വം അല്പം പോലും തൊട്ടുതീണ്ടിയിട്ടില്ലാത്ത പെരുമാറ്റവും നിഷ്കളങ്കമായ സ്നേഹവും  മറ്റെവിടെയും കാണാൻ കഴിഞ്ഞിട്ടില്ല. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെയാണ് അവിടത്തെ ജനങ്ങൾ എങ്കിലും എല്ലാവരും ജീവിതം സന്തോഷത്തോടെ ആസ്വദിക്കുന്നവരാണ്. ആർക്കും ഒരു പരാതിയും പരിഭവവുമില്ല. രാവിലെ മൂന്നുമണിക്ക് വ്രജഭൂമി ഉണരും. ആ സമയം മുതൽ അടിച്ചു വാരുന്നതിന്റേയും തൊഴുത്തും കഴുകുന്നതിന്റേയും ശബ്ദം കേൾക്കാം നല്ല ലയത്തിൽ സന്തോഷത്തോടെ
ഹരേ കൃഷ്ണ മന്ത്രം പാടിക്കൊണ്ട് പോകുന്നത് കേൾക്കാം. "രാധേ രാധേ " എന്ന് വിളികൾ . ഇവിടെ നാലുമണിയോടെ മന്ദിരങ്ങളിൽ നട തുറക്കും. അവിടേയ്ക്ക് പോകുന്നവരാണ്. അവിടെ ഞങ്ങൾ താമസിച്ചിരുന്ന ശ്രീകൃഷ്ണ പ്രവാഹ് ആശ്രമത്തിൽ  ഷട്ശിഖർ മന്ദിർ ഉണ്ട്. പേരുപോലെത്തന്നെ ആറു പ്രതിഷ്ഠകൾ ഇവിടെ കാണാം. വളരെ വിസ്താരമേറിയ ഒരു  സത്സംഗംവേദിയുടെ ചുറ്റുമായി ഈ പ്രതിഷ്ഠകൾ നിലകൊള്ളുന്നു  പ്രധാന പ്രതിഷ്ഠ രാധാകൃഷ്ണന്മാരുടെ അതിമോഹരമായ വലിയ മാർബിൾ വിഗ്രഹങ്ങളാണ്. അത്യാകർഷകമായ രീതിയിൽ അലങ്കരിച്ച രാധാകൃഷ്ന്മാരെ എത്ര കണ്ടാലും മതിവരില്ല. നേരെ എതിർവശത്ത് ശിവന് പാർവ്വതി ഗണപതി തുടങ്ങി സപരിവാരമുള്ള പ്രതിഷ്ഠ. എല്ലാം പ്രത്യേകം പ്രത്യേകം മന്ദിരങ്ങളിലാണ് . രാധാകൃഷ്ണന്മാരുടെ വലതുവശത്ത് ഹനുമാൻസ്വാമിയുടെയും സായി ഭഗവാന്റേയും പ്രതിഷ്ഠകളും, ഇടതുവശത്ത് ഗണപതിയുടേയും കാർത്യായനിദേവിയുടേയും പ്രതിഷ്ഠകളും ഉണ്ട്. എല്ലാം മാർബിളിൽ ആണ്. ആരുടേയും മനം കവരുന്നതുപോലെ അണിയിച്ചൊരുക്കിയീട്ടുണ്ട്.  ഇവിടെ രാവിലെ അഞ്ചരയോടെ നടതുറക്കും.
ശംഖമേളത്തോടെ നട തുറന്നാൽ ഭഗവാന് മംഗള ആരതിയുണ്ട്.
"ആരതീ കുഞ്ജ് ബിഹാരീകീ
ശ്രീ ഗിരിധര് കൃഷ്ണ മുരാരീകീ
ഗലേ മേം വൈജയന്തീമാല...
ബചാവേ മുരളി മധുര് മാല
എല്ലാം മറന്ന്  ആനന്ദം നിറയുന്ന അതിമോഹര നിമിഷങ്ങൾ. ഓരോരോ മന്ദിരങ്ങളിലും അതാത് കീർത്തനം പാടി നട തുറക്കും. ഇവിടെ നടുക്കായി ഒരു മണ്ഡപം ഉണ്ട് അവിടെ പട്ടിൽ പൊതിഞ്ഞു വച്ചിരിക്കുന്ന ശ്രീമദ് ഭാഗവതത്തിനും ആരതിയുണ്ട്. ഇതു കൂടാതെ ശിവമന്ദിരത്തിന്റെ അടുത്തയായി ഉള്ള ശിവലിംഗ പ്രതിഷ്ഠയിലും രാധാകൃഷ്ണ മന്ദിരത്തിന്റെ ഇരുവശത്തായി ഗോവർദ്ധന ശിലയിലും തുളസിക്കും പ്രത്യേക ആരതി ഉണ്ട്. എല്ലാം കഴിഞ്ഞ്
ഭഗവാന് നേദിച്ച ശുദ്ധമായ പശുവിൻ പാൽ ഭക്തജനങ്ങൾക്ക് നല്കും. പഴം ഗോമാതാവിനും അവിടുത്തെ ആണ് പശുവിന്റെ പേര് ലക്ഷ്മി എന്നാണ്. അവൾ പഴത്തിനായി ഒരു പ്രത്യേക സ്ഥാനത്ത് കാത്തു നില്ക്കും. അവളെ കാണുമ്പോഴെല്ലാം എനിക്ക് നെച്ചൂർജിയുടെ വാക്കുകൾ ഓർമ്മവരും. രമണ മഹർഷിയുടെ ആശ്രമത്തിൽ ഉണ്ടായിരുന്ന ലക്ഷ്മി എന്ന പശുവിന്റെ കഥ അദ്ദേഹം വാചാലനായി പറയും.
ആരതി കഴിഞ്ഞ് എല്ലാവർക്കും ഒരു ചായ തരും. ചായ കുടിച്ച് വേഗം സത്സംഗവേദിയിൽ ഇരിക്കുമ്പോഴേക്കും ഇവിടുത്തെ പൂജാരി( പണ്ഡിറ്റ് എന്നാണ് അദ്ദേഹത്തെ പറയുക) ഗോപാല സഹസ്രനാമം രാധാ കൃപാകടാക്ഷസ്തോത്രം, കൃഷ്ണ കൃപാകടാക്ഷസ്തോത്രം എന്നിവ ചോല്ലും.
വിഷ്ണു സഹസ്രനാമത്തിനു പകരം ഇവിടെ ഗോപാല സഹസ്രനാമം ആണ് പാരായണം ചെയ്യുന്നത്. (ഇതിന്റെ മലയാള പരിഭാഷ ഇവിടെ ഉണ്ടായിരുന്നത് കുറച്ചു പേർക്ക് നല്കിയിരുന്നു. ) ഇങ്ങിനെയാണ് ഇവിടെ ഓരോ ദിവസവും ആരംഭിക്കുന്നത്.....
ഇവിടെ എന്നും എപ്പോഴും എല്ലാവരുടെയും മനസ്സിൽ രാധാകൃഷ്ണന്മാർ മാത്രമേ ഉള്ളൂ.
രാധേ രാധേ എന്നു സദാ പറയുന്നു. ഗുഡ് മോണിംഗ് ഗുഡ് ഈവനിംഗ് നമസ്തേ എന്നൊന്നും ഇല്ല. എല്ലാം രാധേ രാധേ. പരസ്പരം വിളിക്കുന്നതും രാധേ രാധേ.
സംസാരിക്കാൻ തുടങ്ങുന്ന കുഞ്ഞു പോലും ആദ്യം പറയുന്നത് രാധേ രാധേ എന്നാണ്
രാധാ നാമത്താൽ മുഴങ്ങുന്ന കൃഷ്ണ പ്രേമം നിറഞ്ഞ വൃന്ദാവനം. ഒരിക്കൽ അവിടെ പോയാൽ ഒരിക്കലും മടങ്ങി വരണം എന്ന് തോന്നാത്ത വൃന്ദാവനം.
കണ്ണന്റെയും രാധാദേവിയുടെയും പാദങ്ങളിൽ ഈ പ്രേമാക്ഷരപ്പൂക്കൾ സമർപ്പിച്ചുകൊണ്ട് എല്ലാ മനസ്സിലും സന്തോഷമായി നിറയണേ കണ്ണാ എന്ന പ്രാർത്ഥനയോടെ
രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ
സുദർശന രഘുനാഥ്
വനമാലി

ജയ് ജയ് ശ്രീ രാധേ ശ്യാം

പ്രഭാതത്തിൽ മൂടൽ മഞ്ഞിന്റെ വെള്ളക്കരിമ്പടം പുതച്ച് നില്ക്കുന്ന വൃന്ദാവനം എത്ര മനോഹരിയാണ്. ആ പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറുന്നതു പോലേയാണ് വെളുപ്പിന് വൃന്ദാവനത്തിലൂടെ നടക്കുന്നത്. എന്നും ഈ വൃന്ദാവനത്തെ പ്രദക്ഷിണം വയ്ക്കാൻ ഭാഗ്യം ലഭിച്ച പുണ്യത്മാക്കൾ ഈ വൃന്ദാവനത്തിൽ ഉണ്ട്. പത്തു കിലോമീറ്റർ ആണ് ഈ പ്രദക്ഷിണം. "വൃന്ദാവന പരിക്രമ" എന്നാണ് ഈ പ്രദക്ഷിണത്തിന് പറയുന്നത്. ഈ പരിക്രമണം മാർഗ്ഗം എത്രയെത്രയോ ഭക്തന്മാരുടെ പാദരേണുക്കൾ വീണ് പവിത്രമായതാണ്. ഈ വൃന്ദാവനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ഇവിടെ വന്ന് വൃന്ദാവന പരിക്രമ നടത്തുന്ന പുണ്യാത്മാക്കളായ ധാരാളം വിദേശികളെ നമുക്കിവിടെ കാണാനാവും. വ്രജവാസികളേപ്പോലെ വസ്ത്രം ധരിച്ച് ഗോപീ ചന്ദനം തൊട്ട് തുളസിമാലയണിഞ്ഞ് തിരുനാമ സങ്കീർത്തനത്തോടെ നടന്നു നീങ്ങുന്ന വിദേശ വനിതകളെ കാണുന്നത് തന്നെ നല്ല കൗതുകമാണ്. സദാ പുഞ്ചിരി നിറഞ്ഞ അവരുടെ മുഖഭാവം നമുക്കും സന്തോഷം നല്കുന്നു. എല്ലാവരുടെ ചുണ്ടിലും നാമജപം മാത്രം. മറ്റൊരു സംഭാഷണവും എവിടേയും കേൾക്കാനില്ല. വാദ്യമേളങ്ങളോടെ സംഘങ്ങളായി തിരുനാമം പാടി നൃത്തം ചെയ്ത് പരിക്രമണം ചെയ്യുന്നവരും ധാരാളം ഉണ്ട്. ഈ വൃന്ദാവനത്തിൽ സദാ എല്ലാ ചുണ്ടുകളിലും നാമജപം മാത്രം. നമ്മുടെ നാട്ടിൽ വർത്തമാനം പറഞ്ഞു തുടങ്ങുന്ന കുഞ്ഞുങ്ങൾ പോലും യാതൊരു അർത്ഥവും ഇല്ലാത്ത ഇപ്പോഴത്തെ സിനിമാഗാനങ്ങൾ പാടി കോമരം തുള്ളുന്നതുപോലെ കാണിച്ച് നടക്കുന്നു. എന്നാൽ ഇവിടുത്തെ യുവാക്കളുടെ ചുണ്ടുകളിൽ പോലും രാധയുടേയും കൃഷ്ണന്റെയും ഗാനങ്ങളാണ്. കൊച്ചു കുഞ്ഞുങ്ങൾ നമ്മുടെ അടുത്തു വരുമ്പോൾ ഒരു പാട്ടു പാടാൻ പറഞ്ഞാൽ അവർക്കും രാധയുടേയും കൃഷ്ണന്റെയും പാട്ടുകൾ മാത്രമേ പാടാനുള്ളൂ. ഇതു തന്നെയാണ് വൃന്ദാവനത്തിന്റെ ഏറ്റവും വലിയ മഹത്വം.
കാൽനടയായി പ്രദക്ഷിണം വയ്ക്കുന്നവരെ കൂടാതെ നമസ്ക്കരിച്ചു പ്രദക്ഷിണം ചെയ്യുന്നവരും ധാരാളം ഉണ്ട്. കയ്യിൽ ഒരു കല്ലെടുത്ത് തൊഴുതു നമസ്ക്കരിച്ച് കയ്യിലുള്ള കല്ല് തൊഴുതുപിടിച്ച സ്ഥലത്ത് വയ്ക്കും. പിന്നീട് എഴുന്നേറ്റ് ആ കല്ലു വച്ച സ്ഥലത്ത് നിന്ന് വീണ്ടും നമസ്ക്കരിച്ച് കല്ലുവയ്ക്കും. ഇങ്ങിനെ നമസ്ക്കരിച്ച് പ്രദക്ഷിണം ചെയ്യുന്നവരിൽ ചിലർ നൂറ്റെട്ട് പ്രാവശ്യം ഒരേ സ്ഥലത്ത് നമസ്ക്കരിക്കും. നൂറ്റെട്ട് കല്ല് ഉണ്ടാവും. അങ്ങിനെ നൂറ്റെട്ട് നമസ്ക്കാരത്തോടെ പ്രദക്ഷിണം വയ്ക്കും. ശ്രീകൃഷ്ണ പ്രവാഹ് ആശ്രമത്തിന്റെ അടുത്ത് നിന്നാണ് പരിക്രമണ മാർഗ്ഗം തുടങ്ങുന്നത്. പ്രദക്ഷിണ വഴിയിൽ നമസ്ക്കരിച്ചേ എല്ലാവരും പ്രദിക്ഷണം തുടങ്ങുകയുള്ളൂ. ഉറക്കെ നാമം ജപിച്ചു കൊണ്ടുള്ള ഈ പ്രദക്ഷിണം വളരെയധികം ആനന്ദദായകമാണ്.
"രാധേ രാധേ" എന്ന് ഒരു കൂട്ടർ ഉറക്കെ പറയുമ്പോൾ "ശ്യാം മിലാദേ" മറ്റുള്ളവർ അത്യുച്ചത്തിൽ പറയും. രാധേ രാധേ എന്ന് നാമം ജപിക്കുന്നവരുടെ കൂടെ സദാ കൃഷ്ണനുണ്ടവും. രാധേ രാധേ വിളിക്കൂ കൃഷ്ണനെ ലഭിക്കും എന്നാണ്. ഇത്രയും ഉറക്കെ എല്ലാം മറന്ന് നാമം ജപിക്കാൻ മറ്റെവിടെയും സാധിക്കും എന്നു തോന്നുന്നില്ല. കാരണം ശരീരം ബോധവും ദുരഭിമാനവും അജ്ഞതയും തന്നെ. നമ്മുടെ കാര്യം തന്നെ നോക്കൂ. വിവാഹവേദികളിലും മറ്റ് ആഘോഷങ്ങളിലും പോപ് മ്യൂസിക് (അതോ പാപ മ്യൂസികോ?) വലിയ സ്പീക്കറുകളിൽ അലറുന്നതുപോലെ വച്ച് സ്ത്രീ പുരുഷ ഭേദമില്ലാതെ എങ്ങിനെ തുള്ളിച്ചാടിയാലും എല്ലാവരും ആസ്വദിച്ച് കയ്യടിച്ച് അംഗീകരിക്കും. എന്നാൽ ഒരു സപ്താഹവേദിയിലോ സത്സംഗത്തിലോ ഉറക്കെ നാമം ജപിക്കാൻ എത്രപേരുണ്ടാവും? ആരെങ്കിലും അല്പം ഉറക്കെ നാമം ജപിച്ചാൽ അവരെന്തോ തെറ്റ് ചെയ്തതുപോലെ മറ്റുള്ളവർ നോക്കും. അത്രയ്ക്കധികം മായയുടെ പിടിയിൽ അകപ്പെട്ടു കഴിഞ്ഞു നമ്മൾ. സന്ദർഭവശാൽ പറഞ്ഞു പോയതാണ്. നമുക്ക് വൃന്ദാവനത്തിലേക്കു മടങ്ങാം. ഇവിടുത്തെ ഓരോരോ കാഴ്ചകളും ഇതുപോലെ സന്തോഷം നല്കുന്നവയാണ്. പ്രദക്ഷിണ വഴിയിൽ ധാരാളം പശുക്കളും വാനരന്മാരും നായ്ക്കളും എല്ലാം ഉണ്ടാവും. അതുപോലെ താപസഭാവത്തിലുള്ള വൃക്ഷങ്ങൾ. അവരെല്ലാം തന്നെ ഈ വൃന്ദാവനത്തെ തൊട്ടറിഞ്ഞ് ആസ്വദിക്കുന്ന പുണ്യാത്മാക്കൾ തന്നെയാണ്. ഇടയിൽ ചില പശുക്കളെ കാണാം. നിശ്ചലമായി ഒരു ലയന ഭാവത്തിൽ അനങ്ങാതെ നില്ക്കുന്നുണ്ടാവും. അവയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടാവും. നമുക്ക് നെഞ്ചോട് ചേർത്ത് പിടിക്കാൻ തോന്നുന്ന മുഖഭാവം. പക്ഷേ ഒരു കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. പരിക്രമ നടത്തുന്ന മഹാത്മാക്കൾ വഴിയിൽ കാണുന്ന പശുക്കളേയും വൃക്ഷങ്ങളേയും എല്ലാം തൊട്ടു നെറുകയിൽ വച്ച് പോകും. എന്നാൽ ഇതുപോലുള്ള പശുവിനെ മാത്രം തൊടില്ല . അവയുടെ ധ്യാനത്തിന് ഭംഗം വരുത്താതെ തൊഴുതു നമസ്ക്കരിച്ച് പോകും. പക്ഷി മൃഗാദികളോ വൃക്ഷലതാദികളോ മണൽത്തരിയോ പുൽനാമ്പോ എന്തുമാകട്ടെ ഏതേതു യോനികളിൽ പിറന്ന് ഏതവസ്ഥയിലുള്ളവരായാലും, അവയെല്ലാം ഈ വൃന്ദാവനത്തിൽ രാധാദേവിയുടെ കാരുണ്യത്താൽ കൃഷ്ണനെ അറിയുന്നു അനുഭവിക്കുന്നു. അഹോ ഭാഗ്യം അഹോ ഭാഗ്യം
ഈ വൃന്ദാവനത്തിലെ ഓരോ പരമാണുവിനും അനന്തകോടി നമസ്ക്കാരം. എല്ലാവർക്കും കൃഷ്ണ പ്രേമം ഉണ്ടാവണേ എന്ന പ്രാർത്ഥനയോടെ
എല്ലാ അക്ഷരപ്പൂക്കളും രാധാകൃഷ്ണ ചരണങ്ങളിൽ പ്രേമ പുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.
രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ
സുദർശന രഘുനാഥ്
വനമാലി

Friday 14 July 2017

കണ്ണന് ഞാനെന്തു നല്കാൻ എന്‍റെ
കണ്ണന് ഞാനെന്തു നല്കാൻ
കരളിൽ നിറയുന്ന പ്രേമപ്പാലല്ലാതെ
കാർവർണ്ണനെന്തു നല്കാൻ

ജീവിത പുസ്തകത്താളിൽ ഞാൻ സൂക്ഷിച്ച
മോഹ മയിൽപ്പീലി നല്കാം
ആഗ്രഹചെപ്പിലെ കുന്നിക്കുരുമണി
മറ്റാരും കാണതെ നല്കാം

ഞാനാകും പാഴ്മുളം തണ്ടിനെ കണ്ണാ നിൻ
മോഹന വേണുവായ് മാറ്റൂ
ശ്രീകൃഷ്ണപ്രേമ രസത്തെ നീ നിത്യവും
ഈ മുളംതണ്ടിൽ നിറയ്ക്കൂ

സുദർശന രഘുനാഥ്
വനമാലി


വാർമുടിക്കെട്ടിൽ ഞാൻ കാച്ചെണ്ണ തേക്കവേ
കാർമുകിൽ വർണ്ണനെ ഓർത്തു പോയീ
മഞ്ഞളെൻ മേനിയിൽ തേച്ചപ്പോൾ സുന്ദര
കൃഷ്ണപീതാംബരമോർത്തുപോയീ

കുളിരോലും വെള്ളത്തിൽ നീരാടി നിന്നപ്പോള്‍
യമുനയിൽ കണ്ണന്റെ രാസമോർത്തൂ.
ചെറുകാറ്റിലോളങ്ങളെന്നെത്തലോടവേ
കണ്ണനെന്നോർത്തു ഞാൻ കാതരയായ്.

ഈറനുടുത്തു ഞാൻ അമ്പാടിക്കണ്ണന്റെ
തിരുമുൻപിൽച്ചെന്നു തൊഴുതു നില്ക്കേ
ആടയ്ക്കായ് കൈ നീട്ടി നില്ക്കും സഖിയോടായ്
കളിവാക്കു ചൊന്നതുമോർത്തു പോയീ

അറിയാതെ ഞാൻ പുണ്യ വൃന്ദാവനത്തിലെ
പ്രേമസ്വരൂപിണി രാധയായീ
പ്രേമത്താലെന്നെ മറന്നു ഘനശ്യാമ-
സുന്ദരായെന്നു വിളിച്ചു ഞാനും

അന്നേരം  ചെഞ്ചുണ്ടിൽ ചേർത്ത മുരളിക
രാധേയെന്നെന്നെ വിളിച്ചുവെന്നോ
ആരുമറിയാതെ ചാരത്തുവന്നെന്റ
പാണിപിടിക്കുന്ന നേരത്തു ഞാൻ

എല്ലാം മറന്നുടൻ എല്ലാരെയും വിട്ടെൻ
കണ്ണന്റെ കാൽക്കലലിഞ്ഞു ചേരാൻ.
കണ്ണാ! നീ മാത്രമാണെന്നുമെന്റേതെന്ന്
നന്നായറിഞ്ഞു ഞാൻ കാത്തിരിപ്പൂ


സുദർശന രഘുനാഥ്
വനമാലി



കൃഷ്ണാ! ഹരേ ! ഗുരുവായൂരപ്പാ!


ഗുരുവായുരപ്പന്റെ പരമഭക്തനായിരുന്നു പൂന്താനം നമ്പൂതിരി. ഒരിക്കൽ പൂന്താനത്തിന്റെ പരമഭക്തികണ്ട് സംപ്രീതനായ  മേൽപ്പത്തൂർ നാരായണ ഭട്ടതിരി തന്റെ കയ്യിലെ വിലപിടിച്ച  മോതിരം പൂന്താനത്തിന് നൽകി. ഇത്രയും മഹാത്മാവായ ഭട്ടേരിയിൽ നിന്ന് ഒരു സമ്മാനം ലഭിക്കുക . ഗുരുവായൂരപ്പന്റെ കാരുണ്യം ഓർത്ത പൂന്താനത്തിന്റെ സന്തോഷത്തിനതിരില്ലായിരുന്നു. ആ കാരുണ്യത്തിന്റെയും ഭട്ടേരിയുടെ സ്നേഹത്തിന്റേയും പ്രതീകമായ മോതിരം അദ്ദേഹം  എപ്പോഴും വിരലിൽ തന്നെ അണിഞ്ഞു.
ഒരിക്കൽ പൂന്താനം ഇല്ലത്തുനിന്നു ഗുരുവായൂരിലേക്ക് പോകുകയായിരുന്നു. കാൽനടയായി കാട്ടിലൂടെയാണ് യാത്ര. കൃഷ്ണാനന്ദത്തിൽ മുഴുകി "കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദനാ" എന്ന് ആനന്ദത്തോടെ പാടിക്കൊണ്ട് ഗുരുവായൂരപ്പനിൽ മനസ്സർപ്പിച്ച് അദ്ദേഹം നടക്കുകയായിരുന്നു. വഴിയിൽ കൊള്ളക്കാർ ഒളിച്ചിരിക്കുന്ന കാര്യം പൂന്താനമറിഞ്ഞില്ല. കാടിനു നടുവിലെത്തിയപ്പോൾ പെട്ടെന്ന് പൂന്താനത്തിനു മുന്നിൽ  കൊള്ളക്കാർ ആയുധങ്ങളുമായി ചാടിവീണു. അദ്ദേഹത്തിന്റെ മാറാപ്പു തട്ടിപ്പറിച്ച് നോക്കിയപ്പോൾ ഒരു ഭാഗവതഗ്രന്ഥമല്ലാതെ ഒന്നും ലഭിച്ചില്ല. കൊള്ളക്കാർ ക്രോധത്തോടെ പൂന്താനത്തിന്റെ നേരേ തിരിഞ്ഞു.
അദ്ദേഹം കൃഷ്ണാ! ഗുരുവായുരപ്പാ എന്ന്  ഉച്ചത്തിൽ വിളിച്ചു. കൊള്ളക്കാരിലൊരാൾ പരിഹസിച്ചു ചിരിച്ചുകൊണ്ട് പൂന്താനത്തെ പിടിച്ചു ഒരു മരത്തിൽ കെട്ടി. അദ്ദേഹം അപ്പോഴും കൃഷ്ണനാമം ജപിച്ചു ശന്തനായി നിന്നു. ഗുരുവായൂരപ്പൻ കൂടെയുണ്ട് എന്ന ദൃഡത പൂന്താനത്തിനുണ്ടായിരുന്നു.
ഒരാൾ അദ്ദേഹത്തിന്‍റെ കയ്യിലെ മോതിരം ഊരിയെടുക്കാനായി കയ്യിൽ പിടിച്ചതും അതാ  ദൂരെ കുതിരക്കുളമ്പടി. കൊള്ളക്കാർക്ക് ചിന്തിക്കാനിട കിട്ടുന്നതിനു മുൻപ് തന്നെ സാമൂതിരിയുടെ മന്ത്രി മങ്ങാട്ടച്ചൻ അവിടേക്ക് പാഞ്ഞെത്തി. പൂന്താനം ആനന്ദത്തോടെ കൃഷ്ണാ എന്ന് ഉറക്കെ വിളിച്ചു. കുതിരയെ തെളിക്കുന്ന ചാട്ടവാർകൊണ്ട് കൊള്ളക്കാരെ അടിയ്ക്കാൻ തുടങ്ങി. കൊള്ളക്കാർ ജീവനും കൊണ്ട് കാട്ടിനുള്ളിൽ ഓടിയൊളിച്ചു.
മങ്ങാട്ടച്ചൻ സ്നഹത്തോടെ പുഞ്ചിരിച്ചുകൊണ്ട്  പൂന്താനത്തിന്റെ കെട്ടുകളഴിച്ചുമാറ്റി  അദ്ദേഹത്തോടു പറഞ്ഞു.
അവിടുന്ന് ഒട്ടും ഭയപ്പെടേണ്ട.  ഇനി ആരും അങ്ങയെ ശല്യം ചെയ്യില്യ. സമാധാനമായി പോകൂ. അദ്ദേഹം ആനന്ദക്കണ്ണീരോടെ
"അങ്ങയെ ഇങ്ങോട്ടയച്ചത്‌ സാക്ഷാൽ ഗുരുവായുരപ്പൻ തന്നെയാണ്.  ഈ ഉപകാരത്തിനു പ്രതിഫലം തരികയാണ് എന്ന് നിരീക്കരുത്. ഇത് അങ്ങ് എന്റെ സ്നേഹമായിക്കരുതി സ്വീകരിക്കണം." എന്നു പറഞ്ഞ് കയ്യിലെ മോതിരം ഊരി മങ്ങാട്ടച്ചന് സമ്മാനിച്ചു. മങ്ങാട്ടച്ചൻ സന്തോഷത്തോടെ അതു വാങ്ങി തിരിച്ചുപോയി. പൂന്താനം ഗുരുവായൂര്‍ക്കും പോയി. പൂന്താനം ഗുരുവായൂര്‍ എത്തിയപ്പൾ രാത്രിയായി. നിർമ്മാല്യം തൊഴാമെന്നു കരുതി വിരി വിരിച്ച് രാത്രി അമ്പലനടയിൽ കിടന്നു. അതാണ് പതിവും.
അന്നുരാത്രി ഉറങ്ങാൻ കിടന്ന മേൽശാന്തിയുടെ  സ്വപ്നത്തിൽ ഗുരുവായുരപ്പൻ പ്രത്യക്ഷപ്പെട്ടു. എന്നീട്ടു പറഞ്ഞു.  "എന്റെ വലതു കയ്യിന്റെ ചെറുവിരലിൽ ഒരു മോതിരം കിടപ്പുണ്ട്. അത് നിർമ്മാല്യദർശനത്തിനെത്തുന്ന പൂന്താനം നമ്പൂതിരിക്ക് കൊടുക്കണം. അദ്ദേഹത്തിന് ആ മോതിരം അത്ര പ്രിയപ്പെട്ടതാണ്."
പെട്ടെന്ന് മേൽശാന്തി ഉണർന്നു. അദ്ദേഹത്തിന് അത്ഭുതമായി. ഇത് ഒരു വെറും സ്വപ്നമോ അതോ സത്യമോ?
മേൽശാന്തിക്ക് പിന്നെ ഉറങ്ങാനായീല്യ. എങ്ങിനെയോ രണ്ടരയായപ്പോൾ എണീറ്റ് കുളിച്ച് മൂന്നുമണിക്ക് നട തുറന്നു. ആദ്യം നോക്കിയത് കണ്ണന്റെ വലതു കയ്യിലെ ചെറുവിരലിലാണ്. ആഹാ! അത്യത്ഭുതം. അതാ കണ്ണന്റെ വിരലിൽ ഒരു മോതിരം. അപ്പോഴേക്കും പൂന്താനം നമ്പൂതിരിയും കുളികഴിഞ്ഞ് ദർശനത്തിനായി ക്ഷേത്രത്തിലെത്തി. മേല്‍ശാന്തി കണ്ണുനീരോടെ ആമോതിരം ഊരിയെടുത്ത് പൂന്താനത്തിന്റെ കയ്യിൽ കൊടുത്ത് നമസ്ക്കരിച്ചു. പൂന്താനം മോതിരം തിരിച്ചും മറിച്ചും നോക്കി...തനിക്ക് ഭട്ടതിരി സമ്മാനിച്ച അതേ മോതിരം.... തലേദിവസം മങ്ങാട്ടച്ചന് കൊടുത്ത അതേ മോതിരം..... നിറകണ്ണുകളോടെ അദ്ദേഹം മേല്‍ശാന്തിയെ നോക്കി. മേല്‍ശാന്തി തലേന്ന് കണ്ട സ്വപനത്തെക്കുറിച്ച് പൂന്താനത്തോട് പറഞ്ഞു.
അപ്പോൾ മങ്ങാട്ടച്ചനായി വന്നത്....എന്റെ പൊന്നു ഗുരുവായൂരപ്പൻ തന്നെ. പൂന്താനത്തിന്റെ കണ്ണുകൾ. നിറഞ്ഞൊഴുകി. കണ്ഠമിടറി. കൈകാലുകൾ വിറച്ചു. കൃഷ്ണാ!
കൃഷ്ണാ! ഹരേ ! ഗുരുവായൂരപ്പാ!
ആശ്രയവത്സലാ അങ്ങ് തന്നെയായിരുന്നുവോ?...
പൂന്താനത്തിനെ രക്ഷിച്ച കണ്ണാ പ്രേമഭക്തി തരൂ...
നാമജപഭാഗ്യം തരൂ.... സത്സംഗം തരൂ.....
കണ്ണാ.... കണ്ണാ... കണ്ണാ ...ആത്മപ്രണാമം. ഇന്നത്തെ ഈ സുദിനത്തിൽ എന്റെ കണ്ണന് ഇതാ ഈ അക്ഷരപ്പൂക്കളാൽ പ്രേമ പുഷ്പാഞ്ജലി.
എല്ലാ മനസ്സുകളിലും കൃഷ്ണപ്രേമം നിറയട്ടെ. സദാ കൃഷ്ണാനുഭവം ഉണ്ടാവട്ടെ.

സുദർശന രഘുനാഥ്
വനമാലി