ശ്രീകൃഷ്ണന് ദ്വാരകയില് ആനന്ദമോടെ വാണരുളുന്ന കാലം. എല്ലാവരും സന്തോഷത്തോടെ ദിനങ്ങള് കഴിച്ചുപോന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം അവിടെയുള്ള ഒരു ബ്രാഹ്മണന്റെ പുത്രന് ജനിച്ച ഉടനെ മരിച്ചുപോയി. ദുഖിതനായ ബ്രാഹ്മണന് കുട്ടിയുടെ ശവം കൊണ്ടുവന്ന് ഗോപുരദ്വാരത്തില് കിടത്തിയിട്ട് കരഞ്ഞ് യദുക്കളോടെല്ലാം സങ്കടം പറഞ്ഞു. "കൃഷ്ണാ അങ്ങയെ ഞാൻ ദൈവത്തെപ്പോലെയല്ലേ കാണുന്നത്. അങ്ങ് ഇതു കാണുന്നില്ലേ..." എന്നെല്ലാം പറഞ്ഞു കരയുന്ന ബ്രഹ്മണന് ആരും ഒരു മറുപടിയും കൊടുത്തില്ല. വർദ്ധിച്ച ദുഃഖത്തോടെ ബ്രാഹ്മണൻ ശവം കൊണ്ടുപോയി അടക്കം ചെയ്തു. രണ്ടാമതും ബ്രാഹ്മണപത്നി ഗര്ഭിണിയായി പ്രസവിച്ചു. ആ ബാലനും മരിച്ചുപോയി. അപ്പോഴും ആ ബ്രാഹ്മണന് ബാലന്റെ ശവ ശരീരവുമായി ഗോപുരവാതില്ക്കല് ചെന്ന് കണ്ണനോട് സങ്കടം പറഞ്ഞു. കൃഷ്ണാ ഇതാ എന്റെ രണ്ടാമത്തെ പുത്രനും മരിച്ചു. എനിക്ക് ഇത് സഹിക്കാനാവുന്നില്ല." അപ്പോഴും ആരും ഒന്നും മറുപടി പറഞ്ഞില്ല . ഇങ്ങിനെ ആ ബ്രാഹ്മണന്റെ എട്ടുണ്ണികൾ മരിച്ചു. ഓരോ കുഞ്ഞിന്റേയും മൃതശരീരം കൊണ്ടുവന്ന് രാജസഭയിൽ കിടത്തി ബ്രാഹ്മണന് ദുഃഖങ്ങള് പറഞ്ഞു കരയും. ആരും ഒന്നും പറയില്യ. അങ്ങിനെ ഒരു ദിവസം കൃഷ്ണനെ സന്ദർശിക്കാനായി ചങ്ങാതിയും സഹോദരീഭർത്താവുമായ അർജ്ജുനൻ വന്നു. ദ്വാരകയിൽ എത്തിയ അർജ്ജുനനെ സന്തോഷത്തോടെ തന്റെ സഭയിൽ സ്വീകരിച്ചിരുത്തി അതിഥി സത്ക്കാരം ചെയ്ത ശേഷം ശ്രീകൃഷ്ണൻ കുശലാന്വേഷണം ചോദിച്ചു. തന്റെ സഹോദരി സുഭദ്രയും മറ്റെല്ലാവരും സന്തോഷത്തിലാണല്ലോ? എന്റെ അച്ഛൻ പെങ്ങൾ സൌഖ്യമായി ഇരിക്കുന്നില്ലേ? അർജ്ജുനൻ പറഞ്ഞു "ഭഗവദ്ദാസരായ ഞങ്ങളെ പോലുള്ളവർക്ക് അസുഖങ്ങളും സങ്കടങ്ങളും എങ്ങനെ വരുവാനാണ്? അമ്മയും സഹോദരന്മാരും പത്നിയുമെല്ലാം സസുഖം വാഴുന്നു. കൃഷ്ണാ ഈ പാദാരവിന്ദങ്ങളാണ് എപ്പോഴും ഞങ്ങളുടെ ഏക ആശ്രയം" ഇത്രയും പറഞ്ഞ് ശ്രീകൃഷ്ണനെ വന്ദിച്ചു.
കൃഷ്ണൻ സന്തോഷത്തോടെ അർജ്ജുനന്റെ പാണികൾ പിടിച്ചുകൊണ്ട് പറഞ്ഞു. കുരുവംശത്തിന്റെ മകുടമണിയായ
ഹേ! അർജ്ജുനാ, ഇളകുന്ന താമരയിതളിൽ തെന്നിക്കളിക്കുന്ന ജലബിന്ദുപോലെ ക്ഷണികമായ ഈ ജീവിതത്തിൽ സൗഹൃദം പോലെ സുഖം തരുന്ന ഒന്നില്ല. അതിനാൽ താങ്കൾ എന്നോടൊപ്പം അല്പകാലം വസിച്ചാലും"
അർജ്ജുനനോടൊപ്പം ശ്രീകൃഷ്ണനും മറ്റ് യാദവശ്രേഷ്ഠരും ഇരിക്കുന്ന യാദവ സഭയിലേക്ക് ഒമ്പതാമത് ജനിച്ച പുത്രനും മരിച്ച ദുഖത്താൽ ആ ബ്രാഹ്മണന് കുഞ്ഞിന്റെ ശവശരീരവുമായി എത്തി. ബ്രാഹ്മണൻ ഹൃദയം തകര്ന്ന് കരഞ്ഞു പറഞ്ഞു.
"മുൻകാലങ്ങളിൽ എന്റെ എട്ട് ഉണ്ണികൾ മരിച്ചു .അന്നും ഞാനിവിടെ വന്ന് സങ്കടം പറഞ്ഞു. ആരും കേട്ടില്യ. ഇപ്പോള് ഒൻപതാമത്തെ ശിശുവിന്റെ ശവവും കൊണ്ടാണ് ഞാന് വന്നത്.
കുട്ടികളില്ലാത്ത എനിക്ക് ലോകാന്തരങ്ങളിലും സുഖമില്ല. എനിക്ക് ആരാണ് ശരണം? ഇത്രകാലത്തിനിടയിൽ ഒരിക്കലും ബ്രാഹ്മണർക്ക് നിരക്കാത്ത ഒരു കർമ്മവും ഞാനോ എന്റെ പത്നിയോ ചെയ്തിട്ടില്ല. സദാ അച്യുത പാദങ്ങളെ ആശ്രയിച്ചാണ് കഴിയുന്നത്. എന്നിട്ടും എന്റെ പുത്രന്മാര് എനിക്ക് നഷ്ടമായി. പതിനാറായിരത്തെട്ട് ഭാര്യമാരോടും അവരുടെ പുത്രന്മാരോടും കൂടെ സുഖത്തോടേയും, അവരുടെ സന്തോഷം അറിഞ്ഞ് നടത്തികൊടുത്തും വിലസുന്ന ശ്രീകൃഷ്ണന് ഈ ബ്രാഹ്മണനെ രക്ഷിക്കാൻ എവിടെ സമയം? യോഗ്യന്മാരായ എത്രപേർ ഇവിടെയുണ്ട്. അവർക്കെല്ലാം എന്റെ ദുഖം നേരമ്പോക്കാണ്."
ബലരാമൻ, ശ്രീകൃഷ്ണൻ, പ്രദ്യുമ്നൻ തുടങ്ങിയ ഒരു യാദവശ്രേഷ്ഠന്മാരും ബ്രാഹ്മണ വിലാപം കേട്ട് ഒരു കൂസലുമില്ലാതെ ഇരിക്കുന്നതുകണ്ട് അര്ജ്ജുനന് അല്പം അഹന്തയോടെ ബ്രാഹ്മണദുഃഖം ദൂരീകരിക്കാനായി ബ്രാഹ്മണനോട് ഇപ്രകാരം പറഞ്ഞു .
അല്ലയോ ബ്രാഹ്മണശ്രേഷ്ഠ! ഇനി അങ്ങ് കരയുരുത്. ദുഃഖിക്കരുത് . ഇനി ജനിക്കുന്ന പുത്രനെ ഞാൻ രക്ഷിച്ച് തരാം. ബ്രാഹ്മണരുടെ ദുഃഖം തീർക്കുക എന്നത് ക്ഷത്രിയ ധർമ്മം ആണ്. ഇനി ഉണ്ടാകുന്ന പുത്രനെ പരിപാലിക്കുന്ന കാര്യം ഈ അർജ്ജുനൻ ഏറ്റു. ഇതു കേട്ട ബ്രാഹ്മണന് പരിഹാസത്തോടെ പറഞ്ഞു.
ശ്രീകൃഷ്ണൻ തുടങ്ങിയവർ എന്റെ ദുഃഖം കേട്ടിട്ട് ഒട്ടും ഇളകാതെ ഇരിക്കുന്നത് കണ്ടില്ലേ? എന്നിട്ട് നീ എന്റെ പുത്ര രക്ഷക്ക് ചാടി പുറപ്പെട്ടത് നിന്റെ അവിവേകമാണ് .
ഹ ഹ! അങ്ങേക്ക് എന്നെ മനസ്സിലായീല്യേ? അങ്ങ് എന്റെ ഗാണ്ഡീവത്തെപ്പറ്റി കേട്ടീട്ടില്യേ? ശ്രീകൃഷ്ണനേപ്പോലേയോ ബലഭദ്രനേപ്പോലേയോ, പദ്യുമ്നനേപ്പോലേയോ അനിരുദ്ധനേപ്പോലേയോ അല്ല ഞാൻ. ഞാൻ വില്ലാളി വീരനായ അർജ്ജുനനാണ്. എന്റെ യുദ്ധ സാമർത്ഥ്യം കണ്ട് സാക്ഷാല് പരമേശ്വരൻ പോലും സന്തോഷിച്ചു. അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് പാശുപതാസ്ത്രം നേടിയവനാണ് ഈ മധ്യമ പാണ്ഡവൻ.
ബ്രാഹ്മണന് വീണ്ടും സംശയം തോന്നി. അദ്ദേഹം പറഞ്ഞു.
ഭക്തവത്സലൻ എന്ന് പേരുകേട്ട ശ്രീകൃഷ്ണഭഗവാനും അതിശക്തിമാന്മാരായ ബലഭദ്രാദികളും എനിക്ക് ജനിക്കുന്ന കുട്ടികളെ രക്ഷിക്കാനാവാതെ, ഒരിളക്കവും ഇല്ലാതെ ഇരിക്കുന്നു. അതുകൊണ്ട് തന്നെ എനിക്ക് ഒരു പുത്രന്റെ മുഖം കാണാനുള്ള യോഗം ഇല്ല എന്നാണ് തോന്നുന്നത്.
ഹേ ബ്രാഹ്മണ! എന്റെ വാക്കുകൾ കേട്ടാലും. സ്വർഗ്ഗവാസികൾക്ക് കൂടെ സുഖത്തെ പ്രദാനം ചെയ്യുന്ന വില്ലാളിവീരനും യമനെ ജയിക്കാൻ കഴിവുള്ളവനുമായ ഈ ഇന്ദ്ര നന്ദനനായ എനിക്ക് തീര്ച്ചയായും അങ്ങയുടെ പുത്രനെ രക്ഷിക്കാനാകും. എന്റെ ശരകൂടാരമാകുന്ന പ്രസൂതി ഗൃഹത്തിൽ പൂർണ്ണ സംരക്ഷണത്തിൽ, താങ്കളുടെ ജനിക്കാൻ പോകുന്ന പുത്രന് ഒരിക്കലും യമഭയം ഉണ്ടാകില്ല, യമന് വില്ലാളി വീരനായ അർജ്ജുനന്റെ ശരകൂടത്തിനരികത്ത് വരുവാനുള്ള ധൈര്യം പോലുമുണ്ടാകില്ല. അങ്ങ് സന്തോഷത്തോടെ പോയാലും. താങ്കളുടെ പ്രിയ പത്നി പ്രസവിക്കുന്നതിനു മുൻപായി ഇവിടെ വന്ന് എന്നെ അറിയിക്കുക. അത്ഭുതങ്ങളായ ശരങ്ങൾ കൊണ്ട് തീർത്ത സൂതിഗൃഹത്തിൽ പിറക്കുന്ന താങ്കളുടെ പുത്രനെ ഒരിക്കലും യമൻ കൊണ്ടുപോകില്ല. ബ്രാഹ്മണന് വീണ്ടും ചോദിച്ചു. ശ്രീകൃഷ്ണൻ ഇളകാതെ ഇരിക്കുമ്പോൾ അർജ്ജുനാ അങ്ങെന്തിന് എന്തിന് ചാടിപ്പുറപ്പെടണം?
ഉറക്കെ ചരിച്ചുകൊണ്ട് അർജ്ജുനൻ പറഞ്ഞു. അങ്ങേക്ക് ഇപ്പോഴും എന്നെ സംശയമാണോ?
അങ്ങനെ ഇനി താങ്കൾക്ക് ജനിക്കാൻ പോകുന്ന പുത്രനെ രക്ഷിച്ചു തരുവാന് എനിക്കായീല്യ എങ്കിൽ ശ്രീകൃഷ്ണ സഹോദരിയുടെ പതിയായ ഈ അർജ്ജുനൻ, ഗാണ്ഡീവത്തോടെ തീകുണ്ഡത്തിൽ ചാടി ആത്മാഹുതി ചെയ്യും.
ഇത് സത്യം! സത്യം! സത്യം!
ആത്മാഹുതി ചെയ്യും എന്ന് സത്യം ചെയ്തതതിനേക്കാൾ ബ്രാഹ്മണൻ ശ്രദ്ധിച്ചത് കൃഷ്ണസഹോദരിയുടെ പതി എന്നു പറഞ്ഞതാണ്. അദ്ദേഹം സമാധാനത്തോടെ തിരിച്ച് ഗൃഹത്തില് പോയി തന്റെ പത്നിയോട് ഉണ്ടായ സംഭവങ്ങളെല്ലാം പറഞ്ഞു.
അല്ലയോ പ്രിയതമേ! നീ ദുഖം കളഞ്ഞ് സന്തോഷത്തോടെ എന്റെ വാക്കുകൾ കേട്ടാലും. ഇനി ഒരിക്കലും നീ കരയരുത്. നമ്മുടെ ദുഃഖങ്ങൾക്ക് ശമനം ഉണ്ടാകാൻ പോകുന്നു. നമ്മുടെ ഇഷ്ടങ്ങൾ നടക്കാൻ പോകുന്നു. പുത്രശവവും കൊണ്ട് ഞാൻ യാദവസഭയിൽ എത്തി. അവിടെ ചെന്ന് കരയുന്ന സമയത്ത് ഒരു സംഭവം നടന്നു. ലോകൈകനാഥനായ ശ്രീകൃഷ്ണന്റെ സഹോദരീഭർത്താവായ അർജ്ജുനൻ നമുക്ക് ഇനി ഉണ്ടാകുന്ന പുത്രനെ പരിപാലിച്ച് തരാം എന്ന് അവിടെ വെച്ച് സത്യം ചെയ്തു.
ബ്രാഹ്മണന്റെ സന്തോഷദായകമായ വാർത്ത ശ്രവിച്ച് സാധ്വിയായ ബ്രാഹ്മണപത്നി വളരെ പക്വതയോടെ മറുപടി പറഞ്ഞു.
വന്നുഭവിച്ചതെല്ലാം സുഖദുഃഖങ്ങൾ എന്ന ഭേദം കൂടാതെ അനുഭവിച്ച് തീർക്കുക എന്നതല്ലാതെ എത്ര കേമന്മാർക്കും വിധിയുടെ ഗതിയെ തടുക്കാൻ സാധിക്കില്ല. പ്രജാവത്സലനും കാരുണ്യമൂർത്തിയുമായ ശ്രീകൃഷ്ണന് കഴിയാത്തത് ആർക്ക് ചെയ്യാന് കഴിയും. ?
ബ്രാഹ്മണൻ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
അതു ശരിയാണ്! കണ്ണന് ചെയ്യാനാവാത്ത കാര്യം മറ്റാർക്കും ചെയ്യാൻ കഴുയില്യ. എന്നാൽഒരു കാര്യം കേൾക്കൂ. നമ്മുടെ കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചില്ലെങ്കില് അഗ്നികുണ്ഡത്തിൽ ചാടി ആത്മാഹുതി ചെയ്യും എന്നാണ് അർജ്ജുനൻ പ്രതിഞ്ജ ചെയ്തു. അർജ്ജുനൻ , കൃഷ്ണ സഹോദരിയായ സുഭദ്രയുടെ ഭർത്താവാണ്. സഹോദരിയായ സുഭദ്രക്ക് വൈധവ്യദുഃഖം വരുത്താൻ ശ്രീകൃഷ്ണൻ ഇടവരുത്തില്ല. അതുകൊണ്ട് ശ്രീകൃഷ്ണൻ ഏതു വിധത്തിലും നമ്മുടെ കുഞ്ഞിനെ രക്ഷിക്കും.
ഇതുകേട്ടപ്പോൾ പ്രതീക്ഷയോടെ ഒരു നാമ്പ് ആ സാധ്വിയിലും ഉണ്ടായി.
സർവ്വ ജഗത്തിനും നാഥനായ കൃഷ്ണാ! പാലാഴിയിൽ പള്ളികൊള്ളുന്ന വിഷ്ണു സ്വരൂപനായ ഭഗവാനെ! അർജുനൻ പരിപാലിക്കാൻ പോകുന്ന ഞങ്ങളുടെ അടുത്ത സന്താനത്തേയെങ്കിലും കാത്ത് രക്ഷിച്ച് ഞങ്ങൾക്ക് തരണമേ എന്ന് വിപ്രപത്നി മനസ്സുകൊണ്ട് പ്രാർത്ഥിച്ചു.
നിത്യവും പ്രാർത്ഥനയും പൂജയും മറ്റുമായി ആ ബ്രാഹ്മണ കുടുംബം കഴിഞ്ഞു. . സമയം വന്നപ്പോള് ബ്രാഹ്മണപത്നി പത്താമതും ഗർഭിണിയായി. പ്രസവകാലം അടുത്തു. ഗർഭാലസ്യം കൂടിത്തുടങ്ങിയപ്പോൾ ബ്രാഹ്മണപത്നി തന്റെ പതിയോട് പറഞ്ഞു.
അങ്ങ് അർജ്ജുനനെ ചെന്നു വിവരം ധരിപ്പിക്കൂ.. പ്രസവം മൂന്നുനാലു ദിവസത്തിനപ്പുറം ഉണ്ടാവും. എനിക്ക് തീരെ വയ്യാതായിരിക്കുന്നു. കുഞ്ഞ് വല്ലതെ അനങ്ങുന്നു. നടക്കാൻ കൂടെ വയ്യ. വേദനയും അനുഭവപ്പെട്ടു തുടങ്ങി. ഇനി ഒട്ടും സമയം കളയേണ്ട. ഇത് കേട്ട് ബ്രാഹ്മണൻ ഉടൻ തന്നെ ദ്വാരകയിലെത്തി അർജ്ജുന്റെ സമീപം ചെന്ന് പറഞ്ഞു.
അല്ലയോ വില്ലാളി വീരനായ അർജ്ജുനാ, എന്റെ പത്നിയുടെ പ്രസവകാലം ആസന്നമായി. അത്ഭുതവിക്രമനായ അങ്ങ് ഒട്ടും മടിക്കാതെ അമാന്തിക്കാതെ,ഗാണ്ഡീവവും എടുത്ത് എന്റെ ഒപ്പം വരൂ. അങ്ങ് എന്നോടു ചെയ്ത സത്യം ഓർമ്മയുണ്ടല്ലോ?
ഇതുകേട്ട അർജ്ജുനൻ പറഞ്ഞു. അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ, ഞാൻ സത്യം ചെയ്തത് ഒരിക്കലും മറക്കുകയോ ലംഘിക്കുകയോ ചെയ്യില്യ. ഇതാ ഒരു നിമിഷം പാഴാക്കാതെ ഇപ്പോൾത്തന്നെ അങ്ങയോടൊപ്പം പുറപ്പെടുന്നുണ്ട്. അങ്ങയുടെ പത്നി പ്രസവിക്കുന്ന കുഞ്ഞിനെ ഞാൻ രക്ഷിച്ചു തരാം. ഇതു പറഞ്ഞ് അർജ്ജുനൻ തന്റെ ഗാണ്ഡീവം കയ്യിലെടുത്ത് ബ്രഹ്മണ ഗൃഹത്തിലേക്ക് പോകാനൊരുങ്ങി. അർജ്ജുനൻ വേഗം കാലും മുഖവും കഴുകി ഭക്തിപൂര്വ്വം മഹാദേവനെ തൊഴുതു നമസ്ക്കരിച്ച് യാത്രയായി.
ആ സമയം കൃഷ്ണന് അവിടേയ്ക്ക് വന്ന് ഒന്നും അറിയാത്തതുപോലെ ചോദിച്ചു.
ചങ്ങാതീ എവിടേയ്ക്കാണ് യാത്ര?
കൃഷ്ണാ ഇത് ഒരു ചെറിയ കാര്യം.
പക്ഷേ ആ മുഖത്ത് എന്താണ് ഒരു വ്യാകുലത?
അത് കൃഷ്ണന് എന്നോടുള്ള സ്നേഹം കൊണ്ട് വെറുതെ തോന്നുന്നതാണ്.
ശരി ശരി. തേരു തെളിക്കാനോ മറ്റോ ഞാനും കൂടി വരേണമോ?
ഹ ഹകൃഷ്ണാ. ഇത് യുദ്ധം ഒന്നും അല്ലല്ലോ? ഈ നിസ്സാര കാര്യത്തിന് വില്ലാളിവീരനായ ഈ അർജ്ജുനൻ മാത്രം മതി. കണ്ണന് പുഞ്ചിരിച്ചു.
എന്നാൽ ചങ്ങാതി സമയം കളയാതെ പോയ്ക്കൊൾക.
അർജ്ജുനനും ബ്രാഹ്മണനും ബ്രാഹ്മണഗൃഹത്തിലെത്തി. അർജ്ജുനൻ തന്റെ ശരങ്ങൾ കൊണ്ട് ഒരു സൂതികാഗൃഹം നിർമ്മിച്ചു. എല്ലാം വേണ്ടതുപോലെ ആയോ എന്ന് പരിശോധിച്ച് തൃപ്തി വന്നപ്പോള് ബ്രാഹ്മണപത്നിയേയും വയറ്റാട്ടിയേയും സഹായിയേയും ആ സൂതികാഗൃഹത്തിലാക്കി. ബ്രഹ്മണൻ ഉള്ളുരുകിയ പ്രാർത്ഥനയോടെ കാത്തു നിന്നു. കുട്ടിയുടെ കരച്ചിലിനായി കാതോർത്തു നിന്ന ബ്രാഹ്മണന് ബ്രാഹ്മണപത്നിയുടേയും വയറ്റാട്ടിയുടേയും നിലവിളിയാണ് കേൾക്കാൻ കഴിഞ്ഞത്. ആ പ്രസവത്തില് കുട്ടിയെ തന്നെ കാണാതായി.
ഇതറിഞ്ഞ ബ്രഹ്മണന് എന്തെന്നില്ലാത്ത സങ്കടവും കോപവും ഒരുപോലെ വന്നു. കോപത്താൽ വിറച്ച് അർജ്ജുനന്റെ നേരെ തിരിഞ്ഞു.
ഹും! സാക്ഷാല് ശ്രീകൃഷ്ണന്റെ മുന്നിൽ വീരസ്യം വിളമ്പി അധമനായ നീ, ശ്രീകൃഷ്ണനേപ്പോലേയോ ബലഭദ്രനേപ്പോലേയോ, പദ്യുമ്നനേപ്പോലേയോ അനിരുദ്ധനേപ്പോലേയോ അല്ല ഞാൻ എന്ന് നിർലജ്ജം വീരസ്യം പറഞ്ഞു. അതെല്ലാം വിശ്വസിച്ച ഞാനെന്തൊരു വിഡ്ഢി. ശരിയാണ്. അവരെല്ലാം നിന്റെ പോലെ പറ്റാത്ത കാര്യം ചെയ്യാം എന്ന് വമ്പിളക്കി നടക്കില്ല. നീയ്യും നിന്റൊരു ഗാണ്ഡീവവും. പറ്റാത്ത കാര്യം ചെയ്യാം എന്ന് പറയുന്ന നിനക്കെന്തഭിമാനം.? നിനക്കെന്തു സത്യപരിപാലനം? നീ തീയ്യിൽ ചാടേണ്ട കാര്യല്ല. കടന്നു പോകു എന്റെ മുന്നില് നിന്ന്. അർജ്ജുനൻ അപമാനത്താൽ ചൂളിപ്പോയി. ഞാൻ വില്ലാളിവീരനായ അർജ്ജുനൻ എന്ന ദുരഭിമാനം ഒരു നിമിഷം കൊണ്ട് പൊട്ടിത്തകര്ന്നു.
സൂതികാഗൃഹത്തിന്റെ വാതിൽക്കൽ നിൽക്കുന്ന ബ്രാഹ്മണന് ഈറ്റില്ലത്തിന്റെ മുന്നില് ബോധംകെട്ട് വീണു. വീണ്ടും ബോധം വന്ന ബ്രാഹ്മണൻ അത്യധികം ദുഃഖത്തോടെ വിലപിക്കാൻ തുടങ്ങി.
"തലയിലെഴുത്തിനെ ആർക്ക് മാറ്റാൻ പറ്റും? കഷ്ടം. അവിവേകവും അഹങ്കാരവും കൊണ്ട് കണ്ണു കാണാത്ത ഈ അല്പന്റെ വാക്കുകൾ വിശ്വസിച്ചു ഞാൻ ഇങ്ങിനെ ചാടിപ്പുറപ്പെട്ടുവല്ലോ?. അതുകൊണ്ട് ഇപ്പോൾ പ്രസവിച്ച് ബാലന്റെ ശവം കൂടെ എനിക്ക് കാണാൻ കഴിഞ്ഞില്ല. ഇനി ഞാൻ എന്റെ അച്യുത സന്നിദ്ധിയിൽ പോയി എങ്ങനെ കരയും? അത് അയുക്തമല്ലേ? വീണ്ടും ബ്രാഹ്മണന് കോപത്തോടെ അർജ്ജുനനോടു പറഞ്ഞു. ഹും! ഇനിയും നീ എന്തിനാണ് വയറ്റത്ത് കയ്യും കെട്ടി കേമനായി ഇവിടെ ഇങ്ങിനെ നിൽക്കുന്നത്? വേഗം പോയി നീ നിന്റെ ശ്രീകൃഷ്ണന്റെ അടുത്ത് ചെന്ന് ധാരാളം ഭക്ഷിച്ച് സുഖമായി വാഴൂ.
ബ്രാഹ്മണന്റെ ശകാരം കേട്ട് അപമാനം താങ്ങാനാവാതെ അർജ്ജുനൻ അവിടെ നിന്ന് നേരെ ധർമ്മലോകത്ത് ചെന്ന് കുഞ്ഞിനെ അന്വേഷിച്ചു. അവിടെ കാണാതായപ്പോള് നാകലോകത്തേക്ക് പോയി ഇന്ദ്രനോട് അന്വേഷിച്ചു. അവിടേയും കണ്ടില്ല.
എല്ലാ ലോകങ്ങളിലും പോയി അർജ്ജുനൻ ബ്രാഹ്മണപുത്രരെ തിരഞ്ഞെങ്കിലും ഒരു സ്ഥലത്തും കണ്ടുകിട്ടിയില്ല. ഒടുവിൽ സത്യം പരിപാലിക്കാൻ അർജ്ജുനൻ തീക്കുണ്ഡത്തിൽ ചാടി ആത്മാഹുതി നടത്തുവാൻ തന്നെ തീർച്ചയാക്കി തീക്കുണ്ഡം ഒരുക്കി. അർജ്ജുനന് അതീവ ദുഖത്തോടെ മഹാദേവനെ സ്മരിച്ച് തീയ്യിൽച്ചാടാൻ ഒരുങ്ങി. മഹാദേവന്റെ രൂപം ഹൃദയത്തില് സ്മരിച്ചു. സ്മരിക്കുന്ന മാത്രയിൽ മഹാദേവരൂപം തെളിഞ്ഞു പ്രകാശിക്കുന്നതാണ്. ഇതെന്തത്ഭുതം. വെൺ ചന്ദ്രക്കല ചൂടിയ തിരുമുടിക്കു പകരം പീലി ചൂടിയ പൊന്നിൻ കിരീടം. തിരുനെറ്റിയിലെ മൂന്നാം തൃക്കണ്ണിനു പകരം കസ്തൂരീ തിലകത്താൽ ഗോപിക്കുറിയിട്ട തിരുനെറ്റി. ശ്രീകൃഷ്ണന്റെ അതിമനോഹരമായി പുഞ്ചിരിക്കുന്ന വദനാംബുജം.
കണ്ണുകളിൽ നിറഞ്ഞ പരിഭവത്തോടെ "ചങ്ങാതിയായ എന്നെ നീ മറന്നോ സഖേ " എന്ന് കണ്ണൻ ചോദിക്കുന്നുവോ? അർജ്ജുനന്റെ കണ്ണുകള് നിറഞ്ഞൊഴുകി. അന്ന് ബ്രാഹ്മണൻ പുത്രന്റെ ശരീരവുമായി വന്ന് കരഞ്ഞപ്പോൾ നിറഞ്ഞ സദസ്സില് വച്ച് എന്റെ ചങ്ങാതിയെ അപമാനിക്കും വിധം ഗർവ്വോടെ സംസാരിച്ചു. അതെല്ലാം മറന്ന് ഒരു പരിഭവം പോലുമില്ലാതെ ഞാനും സഹായത്തിനു വരണോ എന്നു ചോദിച്ചു. എന്നീട്ടും ഞാൻ ഗർവ്വോടെ അവഗണിച്ചു. ഞാൻ ശരിക്കും തീയ്യിൽച്ചാടി മരിക്കേണ്ടവൻ തന്നേയാണ്. ആത്മാര്ത്ഥ സ്നേഹത്തെ തിരിച്ചറിയാത്ത എനിക്ക് കൃഷ്ണന്റെ സഖാവാകാൻ ഒരു യോഗ്യതയും ഇല്യ. കൃതഘ്നനായ എനിക്ക് കൃഷ്ണനെ സ്മരിക്കാൻ പോലും അർഹതയില്യ. അതുകൊണ്ട് എന്റെ കൃഷ്ണാ! ബ്രാഹ്മണനു കൊടുത്ത സത്യത്തേക്കാൾ ഉപരി എന്റെ ചങ്ങാതിയോടു ചെയ്ത മഹാപരാധത്തിനു പ്രായശ്ചിത്തമായി നിന്റെ അർജ്ജുനൻ ഇതാ തീയ്യിൽച്ചാടി ഈ ജീവൻ വെടിയുന്നു. ആളിക്കത്തുന്ന തീയ്യിലേക്ക് അർജ്ജുനൻ കുതിച്ചതും. താമരവള്ളിപോലെയുള്ള ഒരു കൈ അർജ്ജുനനെ പുറകോട്ടു വലിച്ചു മാറ്റി. തിരിഞ്ഞു നോക്കുമ്പോൾ പുഞ്ചിരിയോടെ കണ്ണൻ നില്ക്കുന്നു.
ഹേ! ഫൽഗുനാ എന്തിനാണ് നീ തീയ്യിൽ ചാടി മരിക്കാൻ ഒരുങ്ങുന്നത്? നിന്റെ ചങ്ങാതിയായ എന്നെ ഇത്രവേഗം വിസ്മരിച്ചുവോ ധനഞ്ജയാ? നിനക്ക് എന്തു വന്നാലും ഞാൻ കൂടെയുണ്ടാവും എന്ന് അറിയാവുന്നതല്ലേ? ഇതിനു മുൻപ് എത്രയെത്ര ഘട്ടങ്ങളിൽ ഞാൻ നിന്നെ പാലിച്ചിരിക്കുന്നു. അതെല്ലാം നീ ഇത്ര വേഗം മറന്നുവോ സഖേ? നിന്റെ വിയോഗം എനിക്ക് താങ്ങാനാവില്ല എന്നുപോലും നീ ഓർത്തില്ലല്ലോ? പരിഹാരമില്ലാത്തതായി എന്തു ദുഖമാണ് എന്റെ ചങ്ങതിക്കുണ്ടായത്?
അർജ്ജുനന്റെ കണ്ണുകള് നിറഞ്ഞൊഴുകി. എല്ലാം അറിയുന്ന കണ്ണനോട് എന്തു പറയാൻ. കണ്ണൻ ചങ്ങാതിയെ തന്റെ മാറോടു ചേർത്ത് ഗാഢം പുണർന്നു. വിഷമിക്കേണ്ട, കുഞ്ഞിനെ നമുക്ക് ഒന്നുകൂടി അന്വേഷിക്കാം എന്നു സമാധാനിപ്പിച്ച് ശ്രീകൃഷ്ണൻ തന്റെ തേരിൽ അർജ്ജുനനുമായി വിഷ്ണുലോകത്തിലേക്ക് പുറപ്പെട്ടു. ഏഴുദ്വീപുകൾ കടന്ന്, ലോകാലോകത്തിനപ്പുറത്ത് എത്തിയപ്പോള് ആകെ കൂരിരുട്ട് നിറഞ്ഞ സ്ഥലം. അശ്വങ്ങൾ ദിക്കറിയാതെ പകച്ചു നിന്നു. ഉടൻ കൃഷ്ണൻ സുദർശനത്തെ സ്മരിച്ചു. അതിന്റെ പ്രകാശത്താൽ കൃഷ്ണാർജ്ജുനന്മാർ യാത്ര തുടര്ന്ന് ആയിരം മണിസ്തംഭങ്ങളാൽ തീർത്ത അതിമനോഹരമായ വൈകുണ്ഠത്തിൽ എത്തിച്ചേര്ന്നു. അവിടെ ആയിരം സൂര്യന്മാരുടെ തേജസ്സോടുകൂടി പാലാഴിയില് അനന്തശായിയായ മഹാവിഷ്ണുവിനെ കണ്ടു.
ഭഗവാന്റെ നിറം ഇന്ദ്രനീലമണിയെ തോല്പ്പിക്കുന്നതാണ്. വനമാലകളും കുണ്ഡലങ്ങളും കൌസ്തുഭവും മാറില് ശ്രീവത്സം എന്ന അടയാളവും താമരയിതളുകള് പോലെയുള്ള നയനങ്ങളും നാല് തൃക്കൈയ്കളില് ശംഖ് , ചക്രം, ഗദ, പത്മം എന്നിവയോടും മുനിമാരാല് സേവിതനായി ലക്ഷ്മീസമേതനായ മഹാവിഷ്ണുവിനെ ദര്ശിച്ചു.
ശ്രീകൃഷ്ണ പരമാത്മാവിന്റെ ദർശന മാത്രയിൽ മാഹാവിഷ്ണു എല്ലാം വിസ്മരിച്ച് ആ പാദ കമലങ്ങളിൽ വീഴാൻ ഒരുങ്ങി. അഖിലാത്മാവായ കണ്ണൻ അതറിഞ്ഞ് വിഷ്ണുവിനെ നോക്കി ഒന്നു പുഞ്ചിരിച്ചു. അതോടെ മഹാവിഷ്ണു മായാമോഹിതനായി
അർജ്ജുനനും കൃഷ്ണനും മഹാവിഷ്ണുവിനെ നമസ്ക്കരിച്ചു. അവിടെ കണ്ട അർജ്ജുനനെ വല്ലാതെ അത്ഭുതപ്പടുത്തി പത്തു ഉണ്ണികൾ വിഷ്ണു ഭഗവാന്റെ ചുറ്റും അനന്തനാകുന്ന മെത്തയിലിരുന്ന് നിർഭയം ആനന്ദത്തോടെ കളിക്കുന്നു. ഒരുകുഞ്ഞ് മുട്ടുകാലിൽ ഇഴയുന്നു, ഒരു കുഞ്ഞ് നീന്തിനടക്കുന്നു, ഒരു കുഞ്ഞ് ഓടിനടക്കുന്നു. ഒരു കുഞ്ഞ് അനന്തന്റെ ഫണത്തിൽ തൂങ്ങി ആടിക്കളിക്കുന്നു. ഒരു കുഞ്ഞിന്റെ അടുത്തു ചെന്ന് കൃഷ്ണന് മുട്ടു കുത്തി നിന്ന് താടിയിൽ പിടിച്ച് കൌതുകത്തോടെ ചോദിച്ചു.
നിങ്ങള് ആരാണ്?
ഞങ്ങളെല്ലാവരും ജേഷ്ഠാനുജന്മാരാണ്.
നിങ്ങളുടെ അച്ഛന് ആരാണ് ? ആ കുഞ്ഞ് അതീവ സന്തോഷത്തോടെ വിഷ്ണുഭഗവാനെ തൊട്ടു കാണിച്ചു. കണ്ണന് ചിരിച്ചുകൊണ്ട് ചോദിച്ചു.
അമ്മ ആരാണ്?
വിഷ്ണുഭഗവാനെ ചാരി നിന്ന് അവൻ ലോകമാതാവായ ലക്ഷ്മീദേവിയെ ചൂണ്ടിക്കാണിച്ചു. അത്യത്ഭുതത്തോടെ അര്ജ്ജുനന് നോക്കിയപ്പോള് പ്രസവിച്ച് അധികം ആയീട്ടില്ലാത്ത കുഞ്ഞിന് ലക്ഷമീദേവി മുലപ്പാല് നല്കുന്നു.
മഹാവിഷ്ണു മന്ദഹസിച്ചുകൊണ്ട് പറഞ്ഞു. " വീരന്മാരായ കൃഷ്നാര്ജ്ജുനന്മാരെ! നിങ്ങള് തിരഞ്ഞു വന്ന ബ്രഹ്മണ ബാലനാണ് ദേവിയുടെ പാൽ കുടിക്കുന്നത്. മറ്റുള്ളവരെല്ലാം ഇവന്റെ സഹോദരന്മാരാണ്. നിങ്ങളെ നേരിട്ട് കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ് ഞാന് വിപ്ര ബാലന്മാരെ ഇങ്ങോട്ട് കൊണ്ടുപോന്നത്. നിങ്ങളുടെ പാദം പതിഞ്ഞ വൈകുണ്ഠം അതി ധന്യമായിത്തീർന്നു. നിങ്ങള് ഈ പുത്രന്മാരെ ബ്രഹദമണനു നല്കുവിൻ. പരമ ഭക്തരായ ആ ദമ്പതിമാരുടെ പൂർവ്വജന്മകൃതമായ എല്ലാ ദുഃഖങ്ങളും തീർക്കനായീട്ടാണ് അവർക്ക് പുത്രദുഃഖത്തെ നല്കിയത്. ഇനി അവർ വിഷ്ണുപദം പ്രാപിക്കുക തന്നെ ചെയ്യും. ഇതുകേട്ട് സന്തോഷത്തോടെ അർജ്ജുനൻ
അവിടെ കളിച്ച് നടക്കുന്ന ബ്രാഹ്മണബാലന്മാരെ കൂട്ടികൊണ്ട് തയ്യാറായപ്പോള് കുട്ടികൾ കൃഷ്ണാർജ്ജുനന്മാരുടെ അടുത്തേയ്ക്കു ചെല്ലാന് മടിച്ച് വിഷ്ണുഭഗവാന് ചുറ്റും ചേർന്നു നിന്നു. മഹാവിഷ്ണു അവരെ നോക്കി പുഞ്ചിരിച്ചു. അതുകണ്ട കൃഷ്ണന് അവരെ മാടി വിളിച്ചു. അവര് അതീവ സന്തോഷത്തോടെ കൂടെ ചെന്നു. ലക്ഷമിദേവി മുലയുണ്ടു മയങ്ങിയ കുഞ്ഞിനെ കൃഷ്ണന്റെ കരങ്ങളിലേല്പിച്ചു. കണ്ണന് കുഞ്ഞിനെ മാറോടു ചേര്ത്തുകൊണ്ട് രഥത്തില് കയറി. എല്ലാവരും ഭൂമിയിലേക്ക് യാത്രയായി. കൃഷ്ണനും അർജ്ജുനനും പത്ത് ബാലന്മാരും ബ്രാഹ്മണന്റെ ഗൃഹത്തിലെത്തി. അതീവ ദുഃഖത്തിലാണ്ടു മയങ്ങിക്കിടക്കുന്ന ബ്രാഹ്മണനേയും പത്നിയേയും വിളിച്ചുണര്ത്തി.
അർജ്ജുനൻ പറഞ്ഞു. ഹേ ബ്രാഹ്മണോത്തമാ..
അല്പ സമയത്തേക്കെങ്കിലും നിങ്ങളെ എന്റെ പ്രവൃത്തികൾ അതീവ ദുഃഖത്തിലാഴ്ത്തി . എന്റെ അപരാധങ്ങൾ എല്ലാം ക്ഷമിച്ചാലും. മഹാവിഷ്ണുവിന്റെ അതിരറ്റ കൃപയാൽ താങ്കളുടെ എല്ലാ പുത്രന്മാരേയും ലഭിച്ചു. കാരുണ്യമൂർത്തിയായ ശ്രീകൃഷ്ണൻ കൃപയോടെ എന്നേയും കൊണ്ട് വിഷ്ണുലോകത്തിലേക്കു പോയി. അവിടെ പരമപൂരുഷനായ മഹാവിഷ്ണുവിന്റെ അരികിൽ അനന്തനുമുകളിൽ കളിച്ചുകൊണ്ടിരിക്കുന്ന കുമാരന്മാരെ എനിക്ക് കാണിച്ച് തന്നു. മഹാവിഷ്ണുവിന്റെ അനുമതിപ്രകാരം അവരേയും കൊണ്ട് ഞങ്ങൾ നേരെ ഇവിടേക്ക് പോന്നു. ഇതാ താങ്കളുടെ പത്ത് പുത്രന്മാരും. സ്വപത്നിയോടുകൂടി ഇവരെ സ്വീകരിച്ചാലും.
ആനന്ദാതിരേകത്തോടേ ബ്രാഹ്മണനും പത്നിയും പത്ത് പുത്രന്മേരേയും സ്വീകരിച്ച ശേഷം പശ്ചാത്താപവിവശനായി പറഞ്ഞു.
ഹരേ കൃഷ്ണ! ഹേ! അർജ്ജുന കനത്ത ശോകഭാരം കൊണ്ട് ഞാൻ ധാരാളം അധിക്ഷേപിച്ചു. അതൊന്നും മനസ്സിൽ വെക്കരുതേ. എല്ലാം ക്ഷമിക്കേണമേ.
ശ്രീകൃഷ്ണന് പറഞ്ഞു.
ബ്രാഹ്മണ ശ്രേഷ്ഠാ അങ്ങയെപ്പോലെ ഭക്തിയുള്ളവര് തുലോം കുറവാണ്. മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം പുത്രദുഖം അത്യന്തം അസഹനീയമായതാണ്. അങ്ങയുടെ ഓരോ പുത്രന് മരിച്ചപ്പോഴും അങ്ങ് എന്റെ അടുത്ത് വന്ന് വളരെയധികം ദുഖം പറഞ്ഞു. ഒരോ തവണയും ഞാന് മിണ്ടാതിരുന്നീട്ടും വീണ്ടും വീണ്ടും എന്നെത്തന്നെയാണ്. ആശ്രയിച്ചത്. പത്താമത്തെ കുഞ്ഞിന്റെ ശരീരം കാണാതായപ്പോഴും അങ്ങ് വ്യസനിച്ചത് ' ഇനി ഞാൻ എന്റെ അച്യുത സന്നിദ്ധിയിൽ പോയി എങ്ങനെ കരയും' എന്നാണ്. ഏറ്റവും വലിയ ദുഖം സംഭവിച്ചീട്ടുപോലും അങ്ങയുടെ മനസ്സ് എന്നില് നിന്ന് ഒരണുപോലും വ്യതിചലിച്ചില്യ. അങ്ങേക്ക് എല്ലാവിധ മംഗളങ്ങളും ഭവിക്കട്ടെ. "
മാത്രമല്ല ഈ കഥ പറയുന്നവര്ക്കും, കേള്ക്കുന്നവര്ക്കും മനസ്സിൽ അനുസ്മരിക്കുന്നവർക്കും നിറഞ്ഞ ഭക്തിയുണ്ടാവും. എല്ലാ മംഗളവും വന്ന് ഭവിക്കും .
എന്തെന്തു പ്രതികൂല ഘട്ടങ്ങൾ ഉണ്ടായാലും ഒരിക്കലും പതറാതെ ഒരണുപോലും വ്യതിചലിക്കാതെ കൃഷ്ണനിൽ മനസ്സു ചേർത്തു വച്ചാല് എല്ലാം ഭഗവാൻ തന്നെ പരിഹരിച്ചു തരും.
എന്തുതന്നെ ഭവിക്കിലുമൊക്കെയും
എന്റെ കണ്ണൻ തരുന്ന പ്രസാദമായ്
ഏറിയ മോദാൽ ഏറ്റുകൊണ്ടീടുവാൻ
ഏകണം വരം കൃഷ്ണാ എനിക്കു നീ.
എല്ലാ മനസ്സുകളിലും കൃഷ്ണപ്രേമം നിറയട്ടെ
രാധ കൃഷ്ണാ. എല്ലാ അക്ഷരപ്പൂക്കളും എന്റെ കണ്ണന് പ്രേമപുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.
സുദർശന രഘുനാഥ്
വനമാലി