Sunday, 26 November 2017

 വൃന്ദാവനത്തിലെ സുപ്രഭാതങ്ങൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. കൃഷ്ണാനുഭവത്തിനായി വെമ്പുന്ന മനസ്സോടെയാണ് ഓരോ ദിവസവും  രാവിലെ എഴുന്നേൽക്കുന്നത്. വൃന്ദാവനത്തിലെ രാത്രികളിൽ ഉറങ്ങുന്നുണ്ട് എന്നുപോലും പറയാൻ വയ്യ. പകുതി മയക്കത്തിലും മനസ്സ് വൃന്ദാവനത്തിലൂടെ സഞ്ചരിക്കുകയായിരിക്കും . ഏതെങ്കിലും ഭജനയുടെ ഈരടികൾ കാതിൽ മുഴങ്ങുന്നുണ്ടാവും. മയക്കത്തിൽ നിന്ന് ഉണരുമ്പോൾ ചുണ്ടുകളും അത് മന്ത്രിക്കുന്നതായി തിരിച്ചറിയും.  എല്ലാവരും
 "രാധേ രാധേ "എന്ന് പറയുന്ന വൃന്ദാവനത്തിൽ ഹൃദയത്തെ വല്ലാതെ ഉലക്കുന്നതു പോലെ "കൃഷ്ണാ കൃഷ്ണാ " എന്നുവിളിക്കുന്ന ഒരു കൂട്ടരുണ്ട്. അതു കേൾക്കുമ്പോൾ വല്ലാത്ത ഒരു നെഞ്ചിടിപ്പാണ്. ആരാണ് ന്നറിയോ? മയിലുകൾ.  സുപ്രഭാതത്തിൽ ആ വിളിക്കായി ഞാൻ കാതോർത്തു നിൽക്കും. അത്ര പ്രേമത്തോടെയാണ് അവർ കൃഷ്ണനെ വിളിക്കുന്നത്. ഇതിന് ഒരു നാടോടിക്കഥയുണ്ട് . പലരും കേട്ടതാവും. എന്നാലും പറയാം.
ഒരിക്കൽ രാധാദേവി കാട്ടിലൂടെ കണ്ണനെ ചിന്തിച്ചു നടക്കുകയായിരുന്നു. ഒരു കൂർത്ത മുള്ള് വഴിയിൽ കിടന്നത് രാധാദേവിയുടെ ശ്രദ്ധയിൽ  പെട്ടില്ല പക്ഷേ അവിടെ വിഹരിച്ചു കൊണ്ടിരുന്ന ഒരു ആൺമയിൽ അത് കണ്ടു. രാധാദേവിയുടെ പാദങ്ങൾക്ക് മുറിവേൽക്കുമല്ലോ എന്ന് വിചാരിച്ച് പരിഭ്രമത്തോടെ ആ മയിൽ തന്റെ പീലി അവിടെ വിരിച്ച് നിലത്തു കിടന്നു. രാധാദേവി ആ പീലിയിൽ ചവിട്ടി മയിലിനെ മറികടന്നപ്പോൾ അറിയാതെ അതിന്റെ ദേഹത്ത് ചവിട്ടിപ്പോയി. പെട്ടന്ന് കൃഷ്ണ ചിന്തയിൽ നിന്നും ഉണർന്ന രാധാദേവി നിലത്തു കിടക്കുന്ന മയിലിനെ കണ്ടു. രാധാ ദേവി ചോദിച്ചു.
" ഇത്രയും മനോഹരമായ പീലി വിരിച്ച് നീ എന്തിനാണ് വഴിയിൽകിടന്നത്? അതുകൊണ്ടല്ലേ ഞാൻ ചവിട്ടി പോയത്? "
"രാധേ രാധേ... പ്രണാമങ്ങൾ  വൃന്ദാവനേശ്വരീ രാധേ...
ദേവീ ഏതോ ചിന്തയിൽ നടന്നുനീങ്ങിയ അവിടുന്ന് വഴിയിലെ ഒരു കൂർത്ത മുള്ള് ശ്രദ്ധിച്ചില്ലെന്നു തോന്നിയതുകൊണ്ട് ചെയ്തുപോയതാണ്."
ഇതുകേട്ട്  രാധാദേവി വളരെ സന്തോഷത്തോടെ പറഞ്ഞു.
"നിന്നെ പുറമെ കാണാൻ എന്നപോലെ നിന്റെ അകവും അതി സുന്ദരം തന്നെ.  ഇന്നു മുതൽ എന്റെ പ്രിയപ്പെട്ട ചങ്ങാതിയാണ്. "
രാധാദേവി  ആ മയിലിന്റെ കഴുത്തിൽ തല തടവി കൊണ്ട് പറഞ്ഞു " നിന്റെ കണ്ഠത്തിലെ ഈ നീലനിറം എത്ര മനോഹരമാണ്. ഇത് എന്റെ പ്രാണപ്രിയനായ ശ്യാമസുന്ദരനെ ഓർമ്മിപ്പിക്കുന്നു. ഇന്നുമുതൽ നിന്റെ നാമം നീലകണ്ഠൻ എന്നാണ്."
ഇതുകേട്ട് മയിലിന്റെ കണ്ണുകളിൽ നിന്ന് സന്തോഷാശ്രുക്കൾ ധാരധാരയായി ഒഴുകാൻ തുടങ്ങി.
അത് "രാധേ രാധേ" എന്നു വിളിച്ചു കൊണ്ട് രാധയുടെ ചുറ്റും നൃത്തം വയ്ക്കാൻ തുടങ്ങി.  അന്ന് മുതൽ നീലകണ്ഠൻ സദാ രാധദേവിയോടൊപ്പം ഉണ്ടാകും. ഒരിക്കൽ രാധാദേവി യമുനാതീരത്ത് കൃഷ്ണ ചിന്തയിൽ മുഴുകി ഇരിക്കുന്നതു കണ്ട് നീലകണ്ഠൻ അതിനു ഭംഗമുണ്ടാക്കാതെ അടുത്തിരുന്നു. ആ സമയം അകലെ എവിടെയോ നിന്ന്
കണ്ണന്റെ അതിമനോഹരമായ മുരളീരവം ഒഴുകിവന്നു. അതുകേട്ട് രാധാദേവിയുടെ മുഖത്ത് എന്തെന്നില്ലാത്ത ആനന്ദം നിറഞ്ഞു. അടഞ്ഞിരിക്കുന്ന ആ കണ്ണുകളിൽ നിന്ന് ആനന്ദാശ്രു ഒഴുകി വന്നു. ഇത് കണ്ടപ്പോൾ  നീലകണ്ഠൻ ചിന്തിച്ചു. ആ മുരളീരവം ദേവിയെ ഇത്രമാത്രം ആനന്ദിപ്പിക്കുന്നു എങ്കിൽ അദ്ദേഹം നേരിട്ട് മുന്നിൽ വന്നാൽ എത്ര നന്നായിരിക്കും. അങ്ങിനെ വിചാരിച്ചു കൊണ്ട് നീലകണ്ഠൻ  വേണുഗീതം കേൾക്കുന്നത് എവിടെയാണ് എന്ന് തിരഞ്ഞുകൊണ്ട് കാട്ടിലൂടെ നടന്നു. അതാ അകലേയുള്ള കതംബ വൃക്ഷത്തിൽ ചാരിനിന്നുകൊണ്ട് വൃന്ദാവനേശ്വരനായ കൃഷ്ണൻ അതിമനോഹരമായി മുരളീഗാനം പൊഴിക്കുന്നു. കണ്ണനും  കണ്ണടച്ച് ആനന്ദത്തിൽ അലിഞ്ഞ് വേണുവൂതുകയാണ്. നീലകണ്ഠൻ കണ്ണന്റെ അടുത്ത് ചെന്ന് തന്റെ  അതിമനോഹരമായ  മയിൽപീലി  ഒന്ന് കുടഞ്ഞ് വിടർത്തിപ്പിടിച്ചു. ആ ശബ്ദം കേട്ട് ശ്രീകൃഷ്ണ ഭഗവാൻ കണ്ണുതുറന്നു.  അതിമനോഹരമായി പീലി വിടർത്തിയ ഒരു മയിൽ തന്റെ മുന്നിൽ നിൽക്കുന്നു. വേണുഗീതത്തിന് അനുസരിച്ച് ചുവടുകൾ വച്ചു കൊണ്ട് മയിൽ പീലിവിടർത്തി ആടാൻ തുടങ്ങി. കണ്ണന് അത് നന്നേ ബോധിച്ചു. നീലകണ്ഠൻ  രാഗത്തിന് അനുസരിച്ച് നൃത്തം ചെയ്തുകൊണ്ട് രാധാദേവിയുടെ അടുത്തേക്ക് മെല്ലെ മെല്ലെ നീങ്ങി. കണ്ണനും മയിലിനു പിന്നാലെ നടന്ന് രാധാദേവിയുടെ മുന്നിലെത്തി. ആ സമയം നീലകണ്ഠൻ നൃത്തം മതിയാക്കി മാറി നിന്നു. രാധയെ കണ്ട മാധവൻ വേണുഗാനം നിർത്തി. വേണുഗാനം നിലച്ചപ്പോൾ രാധാദേവി കണ്ണുതുറന്നു. കണ്ണനെ കണ്ടതും ദേവിക്ക് എന്തെന്നില്ലാത്ത ആനന്ദം ഉണ്ടായി. അവർ പ്രേമ പാരവശ്യത്തോടെ പരസ്പരം ആലിംഗനം ചെയ്തു. രാധാ ദേവിക്ക് ഏറ്റവും പ്രിയപ്പെട്ടത് കണ്ണനാണ് എന്ന് മനസ്സിലാക്കിയ നീലകണ്ഠൻ ദേവിയുടെ ആനന്ദത്തെ ഒന്നുകൂടി വർദ്ധിപ്പിക്കാൻ
"കൃഷ്ണാ കൃഷ്ണാ" എന്ന് വിളിക്കാൻ തുടങ്ങി.
വൃന്ദാവനത്തിലുള്ളവരെല്ലാം കൃഷ്ണനെ ലഭിക്കാനായി "രാധേ രാധേ" എന്നു വിളിക്കുമ്പോൾ മയിലുകൾ മാത്രം രാധാദേവിയുടെ സന്തോഷത്തിനായി
"കൃഷ്ണാ കൃഷ്ണാ" എന്നു വിളിക്കുന്നു.
രാധാകൃഷ്ണന്മാർ എല്ലാ മനസ്സുകളിലും ആനന്ദമായി നിറയട്ടെ എന്ന പ്രാർത്ഥനയോടെ ഈ അക്ഷരപ്പൂക്കൾ രാധാകൃഷ്ണ പാദങ്ങളിൽ പ്രേമ പുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.
രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ

സുദർശന രഘുനാഥ്
വനമാലി

No comments:

Post a Comment