ശ്രീ ഗുരുവായൂരില് വാണരുളീടുന്ന
ഗോലോക നാഥനാം കാര്വര്ണ്ണനെ
കണ്ണിണയ്ക്കാനന്ദ കര്പ്പൂരമാകുന്ന
ഉണ്ണിയെ കാണുവാന് പോകുന്നു ഞാന്.
വര്ണ്ണമയില്പ്പീലി തെന്നലിലാടിടും
കോതിമിനുക്കിയ കാര്ക്കുന്തലും
ഗോപിക്കുറിയും തിലകവും മിന്നുന്ന
നാസികാശോഭയും കണ്ടീടും ഞാന്
നീലാഞജനം കൊണ്ട് ഗോപിമാര് ചന്തത്തില്
വാലിട്ടെഴുതിയ നീള്മിഴിയും
ആ കള്ളനോട്ടവും നാട്യവും ചേലൊത്ത
ചുണ്ടിലെ കള്ളച്ചിരിയും കാണും
വാര്മഴവില്ലിനെ തോല്പ്പിക്കും പൂങ്കവിള്-
ശോഭയും പൊന്മണി കുണ്ഡലവും
മുല്ലപ്പൂ മൊട്ടുകള് നാണിച്ചു പോകുന്ന
ദന്തനിരകളുമിന്നു കാണും.
ശംഖൊത്ത കണ്ഠത്തില് മിന്നും പുലിനഖം
മാറില് വിളങ്ങും വനമാലയും
പൊന്മണിത്താലി കടകങ്ങളും നല്ല
പോന്നരഞ്ഞാണവും കണ്ടിടും ഞാന്
ശോഭയേറീടുന്ന കിങ്ങിണിയും ചേലില്
തെന്നിമാറും പട്ടുകോണകവും
തൃച്ചേവടികളില് തുള്ളിച്ചിരിക്കുന്ന
പൊന്നിന് തളകളും കാണുമീ ഞാന്
ഉണ്ണി ശ്രീ കൃഷ്ണന്റെ കേശാദിപാദത്തെ
കണ്ടീട്ടു കോരിത്തരിച്ചു നിന്ന്
നമപുഷ്പങ്ങളാല് അര്ച്ചന ചെയ്തു ഞാന്
തൃപ്പാദപത്മത്തില് വീണു കൂപ്പും
No comments:
Post a Comment